ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മിന്നു ജയം നേടിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അഡ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും സന്ദര്‍ശിച്ചു. ഈ തലമുതിര്‍ന്ന നേതാക്കള്‍ക്ക് ഇത്തവണ സീറ്റു നിഷേധിച്ചത് തെരഞ്ഞെടുപ്പു വേളയില്‍ ഇരുവര്‍ക്കും ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരുവരേയും സന്ദര്‍ശിച്ചു കൊണ്ടാണ് പരിപാടികള്‍ക്കു തുടക്കമിട്ടത്. അഡ്വാനിയെ പോലുള്ള മഹാന്മാര്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയെ കെട്ടിപ്പടുത്തതു കൊണ്ടാണ് ബിജെപിക്ക് ഇന്നത്തെ വിജയമുണ്ടായതെന്ന് മോഡി ട്വീറ്റിലൂടെ പ്രതികരിച്ചു. അമിത് ഷാക്കും അഡ്വാനിക്കുമൊപ്പം അദ്ദേഹത്തിന്റെ വീട്ടിലിരിക്കുന്ന ചിത്രവും മോഡി പങ്കുവെച്ചു. അനുഗ്രഹം തേടി മുരളി മനോഹര്‍ ജോഷിയെ സന്ദര്‍ശിച്ചതും മോഡി ചിത്രം സഹിതം ട്വീറ്റിലൂടെ അറിയിച്ചു. അദ്ദേഹം പണ്ഡിതനാണെന്നും ഇന്ത്യയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സവിശേഷമാണെന്നും മോഡി പറഞ്ഞു.