Sorry, you need to enable JavaScript to visit this website.

ലോക്‌സഭയിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ നേരിയ വര്‍ധന; പുതിയ കണക്കുകള്‍ ഇങ്ങനെ

ന്യൂദല്‍ഹി- 1952നു ശേഷം ഏറ്റവും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമാണ് കാലവധി പൂര്‍ത്തിയാക്കിയ ലോക്‌സഭയിലുണ്ടായിരുന്നത്. വെറും 23 എംപിമാര്‍. ഇത്തവണ ഫലം പുറത്തു വന്നപ്പോള്‍ മൂന്ന് മുസ്ലിം എംപിമാര്‍ കൂടി ലോക്‌സഭയിലെത്തി. ഉത്തര്‍ പ്രദേശില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ കഴിയാതെ പോയ ബിഎസ്പി-എസ്.പി സഖ്യമാണ് ഏറ്റവും കൂടുതല്‍ മുസ്ലിം എംപിമാരെ പാര്‍ലമെന്റിലെത്തിച്ചത്. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 14 ശതമാനമാണെങ്കിലും പാര്‍ലമെന്റില്‍ സമുദായത്തിന്റെ സാന്നിധ്യം അഞ്ചു ശതമാനത്തിലും താഴെയാണ്.

ബിഎസ്പി-എസ്പി സഖ്യം
പുതിയ 26 മുസ്ലിം എംപിമാരില്‍ ആറു പേരും ഈ സഖ്യത്തില്‍ നിന്നാണ്. ഹാജി ഫസലുര്‍ റഹ്മാന്‍ (സഹാറന്‍പൂര്‍), കുന്‍വര്‍ ഡാനിഷ് അലി (അംറോഹ), അഫ്‌സല്‍ അന്‍സാരി (ഘാസിപൂര്‍) എന്നിവരാണ് ബിഎസ്പി ടിക്കറ്റില്‍ ജയിച്ചത്. അസം ഖാന്‍ (റാംപൂര്‍), ശഫീഖ് റഹ്മാന്‍ ബര്‍ഖ് (സംഭല്‍), എസ്.ടി ഹസന്‍ (മുറാദാബാദ്) എന്നിവര്‍ എസ്പി ടിക്കറ്റിലും പാര്‍ലമെന്റിലെത്തി. യുപിയില്‍ പലയിടത്തം ഈ സഖ്യം മോശം പ്രകടനം കാഴ്ചവച്ചപ്പോള്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള റോഹില്‍ഖണ്ഡ് മേഖലയില്‍ വലിയ മുന്നേറ്റം നടത്തി. സഖ്യത്തിന്റെ മൂന്നിലൊന്ന് എംപിമാരും എസ്പിയുടെ പകുതിയോളം എംപിമാരും മുസ്ലിംകളാണ്. 2014-ല്‍ യുപിയിലെ 80 സീറ്റുകളില്‍ 73ഉം ബിജെപി തൂത്തുവാരിയപ്പോള്‍ സംസ്ഥാനത്തു നിന്ന് ഒരു മുസ്ലിം എംപി പോലും ജയിച്ചിരുന്നില്ല.

കോണ്‍ഗ്രസ്
നാല് മുസ്ലിം എംപിമാരെന്ന നില കോണ്‍ഗ്രസ് ഇത്തവണയും നിലനിര്‍ത്തി. അസമില്‍ നിന്ന് അബ്ദുല്‍ ഖാലിഖ് (ബര്‍പെട്ട), ബിഹാറില്‍ നിന്ന് മുഹമ്മദ് ജാവെദ് (കിശന്‍ഗഞ്ച്), പശ്ചിമ ബംഗാളില്‍ നിന്ന് അബു ഹാശിം ഖാന്‍ (മാള്‍ഡ ദക്ഷിണ്‍), പഞ്ചാബില്‍ നിന്ന് മുഹമ്മദ് സാദിഖ് (ഫരിദ്‌കോട്ട്) എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത്.

മുസ്ലിം ലീഗ്
കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിം ലീഗും ഇത്തവണ നില മെച്ചപ്പെടുത്തി. ഒരിടവേളയ്ക്കു ശേഷം ലോക്‌സഭയില്‍ മൂന്ന് എംപിമാരെ എത്തിക്കാന്‍ ലീഗിനു കഴിഞ്ഞു. കേരളത്തില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി) തമിഴ്‌നാട്ടില്‍ നിന്ന് കെ. നവാസ്‌കനി (രാമനാഥപുരം) എന്നിവരാണ് ജയിച്ചത്. തമിഴ്‌നാട്ടില്‍ ലീഗും ബിജെപിയും നേരിട്ടായിരുന്നു പോര്.

സിപിഎം, എന്‍സിപി, എല്‍ജെപി, എഐയുഡിഎഫ്
ആലപ്പുഴയില്‍ ജയിച്ച എ.എം ആരിഫാണ് ജയിച്ച ഏക മുസ്ലിം സ്ഥാനാര്‍ത്ഥി. അസമിലെ എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ (ദുബ്രി), ലക്ഷദ്വീപില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫൈസല്‍ പി.പി, ബിഹാറിലെ എല്‍ജെപി സ്ഥാനാര്‍ത്ഥി ചൗധരി മെഹ്ബൂബ് അലി കൈസര്‍ (ഖഗാരിയ) എന്നിവരും അവരവരുടെ പാര്‍ട്ടികളിലെ ഏക മുസ്ലിം എംപിമാരായി. 2014ലേതു പോലെ ഇത്തവണയും എന്‍ഡിഎയിലെ ഏക മുസ്ലിം എംപിയാണ് കൈസര്‍. 

മജ്‌ലിസെ ഇത്തിഹാദുല്‍ മു്സ്ലിമീന്‍
ഹൈദരാബാദില്‍ മാത്രം ഒതുങ്ങിയിരുന്ന അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ആദ്യമായി സംസ്ഥാനത്തിനു പുറത്ത് മത്സരിച്ചു ജയിച്ചു. ഹൈദരാബാദില്‍ ജയിച്ച ഉവൈസിക്കു പുറമെ മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സയിദ് ഇംതിയാസ് ജലീല്‍ ആണ് എം.ഐ.എം ടിക്കറ്റില്‍ ജയിച്ചത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ മണ്ഡലമല്ല എന്നതും ശ്രദ്ധേയമാണ്. ശിവ സേന സ്ഥാനാര്‍ത്ഥിയേയാണ് എം.ഐ.എം ഇവിടെ പരാജയപ്പെടുത്തിയത്. ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ സഖ്യത്തിന്റെ പിന്തുണയും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയെ 3.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉവൈസി ഹൈദരാബാദില്‍ തോല്‍പ്പിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ്
പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലിം എംപിമാരുടെ എണ്ണം എട്ടില്‍ നിന്ന് ആറായി ചുരുങ്ങി. ഖലീലുര്‍ റഹ്മാന്‍ (ജംഗിപൂര്‍), നടി നുസ്രത്ത് ജഹാന്‍ റൂഹി (ബസില്‍ഹാട്ട്), സജ്ദ അഹമദ് (ഉലുബെയ്‌റ)സ അബു താഹിര്‍ ഖാന്‍ (മുര്‍ശിദാബാദ്), അപരുപ പൊഡാര്‍ എന്ന അഫ്രീന്‍ അലി (ആരംബാഗ്) എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറി. മാള്‍ഡ ദക്ഷിണിലെ അബു ഹാശിം ഖാനാണ് ബംഗാളില്‍ ജയിച്ച കോണ്‍ഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥി. 

നാഷണല്‍ കോണ്‍ഫറന്‍സ്
ജമ്മു കശ്മീരിലെ ആറു സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഫാറൂഖ് അബ്ദുല്ല (ശ്രീനഗര്‍), മുഹമ്മദ് അക്ബര്‍ ലോണ്‍ (ബാരാമുല്ല), ഹസ്‌നൈന്‍ മസൂദി (അനന്ത്‌നാഗ്) എന്നിവരാണ് ജയിച്ചത്. പിഡിപി അധ്യക്ഷ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് അനന്ത് നാഗില്‍ മസൂദി പരാജയപ്പെടുത്തിയത്.

ബിജെപി
303 സീറ്റുകള്‍ നേടി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും ലോക്‌സഭയിലെത്തിച്ചില്ല. ബിജെപിയുടെ ഉന്നതരായ മുസ്ലിം നേതാക്കളില്‍ പലര്‍ക്കും ഇത്തവണയും ടിക്കറ്റ് നല്‍കിയിരുന്നില്ല. മുസ്ലിം ജനസംഖ്യ 27 ശതമാനമുള്ള ബംഗാളില്‍ രണ്ടു മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി മത്സരിപ്പച്ചെങ്കിലും ജയിച്ചില്ല. 95 ശതമാനം മുസ്ലിംകളുള്ള ലക്ഷദ്വീപിലും ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനായില്ല. കശ്മീരിലെ മൂന്ന് മണ്ഡലങ്ങളിലും ബിജെപി ജയിച്ചില്ല.
 

Latest News