Sorry, you need to enable JavaScript to visit this website.

മദീനയില്‍ സൗദി യുവതിയുടെ കാര്‍ കത്തിച്ചു

മദീനയില്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയ സൗദി യുവതിയുടെ കാര്‍

മദീന - സൗദി യുവതിയുടെ കാര്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദീനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതിയുടെ കാറാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരക്ക് അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് കാറിലെ തീയണച്ചത്. കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്ത പ്രതിയാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറഞ്ഞു. തന്നെ ഉപദ്രവിച്ച കേസില്‍ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിയമ നടപടികള്‍ക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാതെ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ വിട്ടയക്കുകയായിരുന്നു. ശല്യപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യുന്നതിന് മദീന പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച തന്റെ ഭര്‍ത്താവുമായി പ്രതി ഫോണില്‍ ബന്ധപ്പെട്ട് പരാതി പിന്‍വലിക്കാന്‍ അര ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ കേസില്‍ സുരക്ഷാ വകുപ്പുകള്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കേസ് താന്‍ പിന്‍വലിക്കുകയോ പ്രതിക്ക് മാപ്പ് നല്‍കുകയോ ചെയ്യില്ല. രണ്ടംഗ സംഘം പെട്രോള്‍ ഒഴിച്ച് തന്റെ കാര്‍ കത്തിക്കുന്നത് അയല്‍വാസികള്‍ കണ്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു.

 

 

Latest News