Sorry, you need to enable JavaScript to visit this website.

വന്‍തുകയുടെ സമ്മാനം വിശ്വസിക്കാതെ സൗദി പൗരന്‍; ഒടുവില്‍ പോലീസ് ഇടപെട്ടു

എസ്.ടി.സി നടത്തിയ മത്സരത്തിൽ സ്വർണ ബിസ്‌കറ്റ് സമ്മാനം അടിച്ച സൗദി പൗരൻ റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സമ്മാനം സ്വീകരിക്കുന്നു.

റിയാദ് - സൗദി ടെലികോം കമ്പനി നടത്തിയ മത്സരത്തിൽ വൻതുകയുടെ സമ്മാനം അടിച്ച സൗദി പൗരന് സമ്മാനം കൈമാറുന്നതിന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് പോലീസ് സഹായം തേടി. തന്നെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിച്ച് 1,35,000 റിയാൽ വില വരുന്ന സ്വർണ ബിസ്‌കറ്റ് സ്വീകരിക്കുന്നതിന് സൗദി പൗരൻ വിസമ്മതിക്കുകയായിരുന്നു.

റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ എസ്.ടി.സി കമ്പനി അധികൃതർ ബീശ നിവാസിയുമായി ഫോണിൽ ബന്ധപ്പെട്ട് സ്വർണ ബിസ്‌കറ്റ് സമ്മാനം അടിച്ചതായി അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

എന്നാൽ ഇത് സൗദി പൗരൻ വിശ്വസിച്ചില്ല. സമ്മാനം സ്വീകരിക്കാൻ സൗദി പൗരനെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇതോടെ റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ സൗദി പൗരനുമായി ബന്ധപ്പെട്ട് സമ്മാനം അടിച്ച കാര്യവും ഇത് കൈപ്പറ്റേണ്ടതിനെ കുറിച്ചും അറിയിച്ചു. തട്ടിപ്പ് ശ്രമമാണെന്ന ധാരണയിൽ തനിക്ക് സമ്മാനം വേണ്ടെന്ന നിലപാടിൽ സൗദി പൗരൻ ഉറച്ചുനിന്നു. ഇതോടെ മറ്റൊരു വിജയിയെ കണ്ടെത്തുന്നതിന് വീണ്ടും നറുക്കെടുപ്പ് നടത്താമെന്ന നിർദേശം ഉയർന്നുവന്നെങ്കിലും ഇതിന് റിയാദ് ചേംബർ അനുവദിച്ചില്ല. ആദ്യ വിജയി തന്നെയാണ് സമ്മാനത്തിന് ഏറ്റവും അർഹൻ എന്ന നിലപാടാണ് ചേംബർ സ്വീകരിച്ചത്. 

സമ്മാനം സ്വീകരിക്കുന്നതിന് സൗദി പൗരനെ ഏതു വിധേനയും സമ്മതിപ്പിക്കണമെന്നും ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ നിർദേശിച്ചു. തുടർന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് പോലീസിന്റെ സഹായം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സൗദി പൗരനുമായി ബന്ധപ്പെട്ട് മത്സരത്തിൽ വിജയിച്ചതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും സമ്മാനം ഏറ്റുവാങ്ങാൻ റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് എത്തിച്ചേരാൻ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞ ദിവസം റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് എത്തിയ സൗദി പൗരൻ ചേംബർ അധികൃതരുടെയും എസ്.ടി.സി കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സമ്മാനം കൈപ്പറ്റി.
 

Latest News