ദമാം- കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മലയാളികളുടെ ഫ്‌ളാറ്റിൽ മോഷണം. നഗരത്തിൽ ഹൈപ്പർ പാണ്ടക്ക് സമീപം സിഗ്‌നലിനടുത്ത കെട്ടിടത്തിൽ താമസിക്കുന്ന കോഴിക്കോട് കുന്നമംഗലം പായിമ്പ്ര സ്വദേശികളായ സിദ്ദീഖ്, അബ്ദുറഹീം എന്നിവരുടെ മുറിയിൽ കയറിയ കള്ളൻ പാസ്‌പോർട്ടും വിലപ്പെട്ട വസ്തുക്കളും മോഷ്ടിച്ചു. ഇരുവരും ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ സജീവ പ്രവർത്തകരാണ്.
റൂമിൽ ആരുമില്ലെന്ന് ബോധ്യപ്പെട്ട കള്ളൻ ചുമരിലെ ജനൽ പാളി നീക്കിയാണ് അകത്തു കയറിയത്. രണ്ടു മൊബൈൽ ഫോണുകൾ, ടാബ്, ബാഗിൽ സൂക്ഷിച്ചിരുന്ന പാസ്‌പോർട്ട്, മറ്റു രാജ്യങ്ങളുടെ ഏതാനും കറൻസികൾ എന്നിവയാണ് നഷ്ടപ്പെട്ടത്. അടുത്ത് നാട്ടിൽ പോകാനായുള്ള ഒരുക്കത്തിലായിരുന്നു ഇവരിലൊരാൾ. ഇതിനായി കരുതി വെച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കെട്ടിടത്തിലെ സി.സി ടി.വി പരിശോധിച്ചതിൽ കറുത്ത വർഗക്കാരനായ സ്വദേശിയാണെന്നാണ് വ്യക്തമാകുന്നതെന്നു സിദ്ദീഖും അബ്ദുറഹീമും പറഞ്ഞു. കെട്ടിടങ്ങളിലെ ജനലുകളിൽ സുരക്ഷാ കമ്പികൾ ഇല്ലാത്തത് കള്ളന്മാർക്ക് എളുപ്പത്തിൽ ജനൽ ഡോർ തുറന്നു അകത്ത് കടക്കാൻ സഹായിക്കുമെന്നതിനാൽ പ്രവാസി സുഹൃത്തക്കൾ കരുതിയിരിക്കണമെന്ന് ഇരുവരും ഉണർത്തി.