Sorry, you need to enable JavaScript to visit this website.

മലബാറില്‍ യു.ഡി.എഫിന് ശക്തി പകര്‍ന്നത് ന്യൂനപക്ഷ വോട്ടുകള്‍

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് കരുത്തായി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ശക്തമായി വോട്ട് ചെയ്തതാണ് കേരളത്തില്‍ പൊതുവെയും മലബാറില്‍ വിശേഷിച്ചും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വര്‍ധിച്ച ഭൂരിപക്ഷം ലഭിക്കാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് ന്യൂനപക്ഷങ്ങളുടെ വര്‍ധിച്ച പിന്തുണയുടെ ഫലമാണ്. പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ്. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പിയെ അകറ്റി നിര്‍ത്തുക എന്ന ന്യൂനപക്ഷ വോട്ടര്‍മാരുടെ അജണ്ട ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
മുസ്‌ലിം സാമുദായിക സംഘടനകള്‍ ഇത്തവണ ഇടതു പക്ഷത്തെ കൈവിട്ടു എന്നും തെരെഞ്ഞടുപ്പ് ഫലത്തില്‍ പ്രകടമാവുന്നുണ്ട്. ഇരു വിഭാഗം സുന്നികള്‍, മുജാഹിദ് വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി എന്നിവര്‍ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചു. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിന് അനുകൂലമായി. മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് മത്സര രംഗത്തിറങ്ങിയ എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവര്‍ക്കും യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനായില്ല. വെല്‍ഫെയര്‍ പാര്‍ട്ടി നേരത്തെ തന്നെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് മത്സര രംഗത്തുനിന്ന് മാറി നിന്നതും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂല ഘടകമായി.
പരമാവധി വോട്ടുകള്‍ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയതിന്റെ ഫലവും തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു. കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ആശങ്ക തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കിയെടുക്കുന്നതില്‍ യു.ഡി.എഫ് ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് മലബാര്‍ മേഖലയില്‍ ഇടതു മുന്നണിയുടെയും എന്‍.ഡി.എയുടെയും പ്രതീക്ഷകളെ തകര്‍ത്തു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ശബരിമല വിഷയത്തില്‍ കേരളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ന്യൂനപക്ഷങ്ങളെ യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന നിലപാട് മുസ്‌ലിംകളുടെ ആരാധനാ വിഷയങ്ങളിലും ഇടതുപക്ഷം സ്വീകരിച്ചേക്കുമെന്ന പ്രചാരണം മലബാര്‍ മേഖലയില്‍ വ്യാപകമായിരുന്നു. ഇത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടര്‍ത്തിയ ആശങ്ക തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ വര്‍ധിക്കാന്‍ സഹായകമായി.

 

Latest News