ആന്ധ്ര തൂത്തുവാരാന്‍ ഒരുങ്ങി ജഗന്‍; ചന്ദ്രബാബു നായിഡുവിനും ടിഡിപിക്കും കനത്ത തിരിച്ചടി

ഹൈദരാബാദ്- ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്ന ആന്ധ്ര പ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തെലുഗു ദേശം പാര്‍ട്ടിയെ (ടിഡിപി) തറപറ്റിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനം തൂത്തുവാരുമെന്നുറപ്പായി. 175 അംഗ നിയസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 149 സീറ്റുകളില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. നൂറിലേറെ സീറ്റുണ്ടായിരുന്ന ടിഡിപി വെറും 25 സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 24 ഇടത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ഒരിടത്തു മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി ഓടിനടന്ന ടിഡിപി അധ്യക്ഷന് ഈ തെരഞ്ഞെടുപ്പു ഫലസൂചന കനത്ത തിരിച്ചടിയായിരിക്കുകയാണ്. ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനിയില്ലെന്നതിനു പുറമെ സ്വന്തം സംസ്ഥാനത്തും തകര്‍ന്നടിഞ്ഞത് നായിഡുവിന് വലിയ നാണക്കേടായി.

ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യമുന്നയിച്ച് അടിത്തട്ടില്‍ നീണ്ട കാലം പണിയെടുത്ത ജഗന് അനുകൂലമായാണ് വോട്ടര്‍മാരുടെ വിധിയെഴുതിയതെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ തവണ ബിജെപിയോടൊപ്പം ചേര്‍ന്ന് മത്സരിച്ച ടിഡിപി പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് പിന്നീട് സഖ്യം ഉപേക്ഷിച്ചെങ്കിലും അത് തെരഞ്ഞെടുപ്പുല്‍ ഗുണം ചെയ്തില്ല. കേന്ദ്രത്തില്‍ സഖ്യമായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നായിഡു പ്രത്യേക പദവി നേടിയെടുത്തില്ലെന്നായിരുന്നു ആന്ധ്രയിലുടനീളം റെക്കോര്‍ഡ് ദൂരം നീണ്ട പദയാത്രകള്‍ നടത്തിയ ജഗന്റെ ചോദ്യം.
 

Latest News