Sorry, you need to enable JavaScript to visit this website.

പുതിയ മുന്നണിയുമായി പ്രതിപക്ഷം ഒരുങ്ങി; യുപിഎയ്ക്കു പകരം സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്?

ന്യൂദല്‍ഹി- എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പു ഫലം ബിജെപിക്ക് എതിരായാല്‍ അവസരം പാഴാക്കാതെ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷം ഒരുങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യകക്ഷികളും പുറത്തുള്ള കരുത്തരായ പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് പുതിയ മുന്നണി എന്ന ധാരണയിലെത്തി. യുപിയിലെ കരുത്തരായ എസ്.പി, ബി.എസ്.പി, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആന്ധ്രയിലെ ടിഡിപി, സിപിഎം, സിപിഐ അടക്കമുള്ള ഇടതു മുന്നണി എന്നിവര്‍ ചേര്‍ന്നതാണ് സഖ്യം. ഈ മുന്നണിക്ക് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) എന്ന താല്‍ക്കാലിക പേരാണ് നല്‍കിയിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫല പ്രഖ്യാപനം വന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഈ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും. രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനും തയാറെടുപ്പുകള്‍ നടത്തി വരികയാണ് പ്രതിപക്ഷം. ഏറ്റവും വലിയ ഒറ്റകക്ഷിയേയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനു മുമ്പ് രൂപീകരിക്കപ്പെട്ട സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരണത്തിന് രാഷ്ട്രപതി ക്ഷണിക്കുന്നതാണ് കീഴ്‌വഴക്കം.

പ്രതിപക്ഷ മുന്നണിക്കൊപ്പമുള്ള പാര്‍ട്ടികള്‍ മൂന്ന് നീക്കങ്ങളാണ് പ്രധാനമായും പരിഗണിച്ചിരുന്നത്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി തന്നെ പുതിയ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ച് രാഷ്ട്രപതിക്ക് കത്തയക്കുക എന്നായിരുന്നു ഇതിലൊന്ന്. എന്നാല്‍ ഈ നീക്കത്തോട് ബിഎസ്പി യോജിച്ചില്ല.

സഖ്യത്തിന് എസ്.ഡി.എഫ് എന്ന പേര് നിര്‍ദേശിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ജയ്‌റാം രമേശ്, അഭിഷേക് സിങ്വി, രണ്‍ദീപ് സുര്‍ജെവാല, അഹമദ് പട്ടേല്‍ എന്നിവരെ കോണ്‍ഗ്രസ് പുതിയ പദ്ധതികള്‍ തയാറാക്കാന്‍ നാലു ദിവസം മുമ്പ് നിയോഗിച്ചിരുന്നു. ഇവരാണ് മൂന്ന് നീക്കങ്ങളുള്‍പ്പെടുന്ന പദ്ധതി തയാറാക്കിയത്. എല്ലാ പാര്‍ട്ടി നേതാക്കളുടെയും ഒപ്പുകളോടെ സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കുക എന്നതായിരുന്നു രണ്ടാമത്തെ നീക്കം. മൂന്നാമത്തേത് സഖ്യ നേതാവിനെ പ്രഖ്യാപിക്കുക എന്നതുമാണ്. ഇതില്‍ ഫലം വരുന്നതിന് മുമ്പ് രാഷ്ട്രപതിക്ക് കത്തയക്കുക എന്ന നീക്കം ബിഎസ്പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. കണക്കുകള്‍ അനുകൂലമായില്ലെങ്കില്‍ ഇതൊരു അപക്വ നീക്കമായേക്കുമെന്നാണ് ബിഎസ്പി നിലപാട്.

നിലവില്‍ ഒരു സഖ്യവുമായും കൂട്ടില്ലാത്ത ഒഡീഷയിലെ ബിജെഡി, തെലങ്കാനയിലെ ടിആര്‍എസ്, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍്ട്ടി എന്നീ മൂന്ന് കക്ഷികളെ പ്രതിപക്ഷ സഖ്യത്തിനൊപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് മമത ബാനര്‍ജി, ശരത് പവാര്‍, ചന്ദ്ര ബാബു നായിഡു എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരുമായി ബിജെപിയും ബന്ധപ്പെട്ടുവരുന്നതായി റിപോര്‍ട്ടുണ്ട്.

രാഷ്ട്രപതി തിടുക്കത്തില്‍ ബിജെപിക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുമോ എന്ന ആശങ്കയെ തുടര്‍ന്നുള്ള മുന്‍കരുതലിലാണ് പ്രതിപക്ഷം. കണക്കുകള്‍ അനുകൂലമായാല്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ ദല്‍ഹിയിലെത്തകുയും ഇന്ന് വൈകുന്നേരം യോഗം ചേരുകയും ചെയ്യും. 


 

Latest News