ഇടുക്കി- കമ്പംമെട്ട് ചെക്‌പോസ്റ്റിൽ 120 ഗ്രാം കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ എക്‌സൈസിന്റെ പിടിയിലായി. വൈക്കം മൂലക്കുളം വാഴക്കാലായിൽ വീട്ടിൽ മിട്ടു (20), കാരക്കോടു നടുവീട്ടിൽ എൽദോസ് (20), മൂവാറ്റുപുഴ ഇലഞ്ഞി കൊഴുപ്പത്തടം വീട്ടിൽ നോയൽ (20), കൂത്താട്ടുകുളം പടിഞ്ഞാറിടത്ത് കാർത്തിക് (22), തൊടുപുഴ മണക്കാട് ചിറ്റൂർ മുട്ടത്ത് കെവിൻ (21) എന്നിവരാണ് ഉടുമ്പൻചോല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തു.
കമ്പംമെട്ടിൽ ബുധനാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കാറിന്റെ ഡ്രൈവർ സീറ്റിനടിയിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. തമിഴ്‌നാട്ടിലെ പെരിയകുളത്ത് സ്വകാര്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്നവരാണ് അഞ്ചു പേരും. പരീക്ഷ കഴിഞ്ഞ് തിരികെ മടങ്ങും വഴി കമ്പത്ത് നിന്നും ആയിരം രൂപക്ക് വാങ്ങിയതാണെന്നും ഒരു വർഷത്തിലേറെയായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഇവർ മൊഴി നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എ.കടകര, വിനേഷ്, റെനി, സി.ഇ.ഒമാരായ അനിഷ്, അനൂപ്, ഷാജി, അരുൺ, ജിബിൻ എന്നിവരും പങ്കെടുത്തു.