Sorry, you need to enable JavaScript to visit this website.

സി.ഒ.ടി നസീർ വധശ്രമം; സി.പി.എം പ്രവർത്തകൻ കസ്റ്റഡിയിൽ

തലശ്ശേരി- വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും സി.പി.എം മുൻ നേതാവുമായ സി.ഒ.ടി നസീറിനെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. അക്രമികൾക്ക് സഹായവും വിവരവും നൽകിയ യുവാവാണ് കസ്റ്റഡിയിലായത്. ഇയാൾ സി.പി.എം പ്രവർത്തകനാണ്. 
ബുധനാഴ്ചയാണ് തലശ്ശേരിയുടെ പരിസര പ്രദേശത്ത്് വെച്ച്  യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നസീറിന്റെ നീക്കങ്ങളെ കുറിച്ച് അക്രമികൾക്ക് വിവരം നൽകിയിരുന്നു. അക്രമിസംഘത്തിലെ മൂന്നുപേരെയും കഴിഞ്ഞ ദിവസം തന്നെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. ഇവർ സ്ഥലത്തില്ലാത്തതാണ് കസ്റ്റഡിയിലെടുക്കാൻ തടസമാകുന്നത്. അക്രമികളെയും അവർക്ക് സഹായം നൽകിയവരെയും രണ്ടോ മൂന്നോ ദിവസത്തിനകം വലയിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. എല്ലാവരും നിരീക്ഷണത്തിലാണ്. അവരെ കേസുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ പോലീസ് ശേഖരിച്ചുവരികയാണ്.  
18ന് രാത്രി 7.30ഓടെയാണ് നസീർ കായ്യത്ത് റോഡിലെ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിന് സമീപത്ത് ആക്രമിക്കപ്പെട്ടത്. വൈകിട്ട് 6.50 മുതൽ അക്രമിസംഘം നസീറിനെ പിന്തുടർന്നിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മൂന്നുപേരും ഒരേ ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ടുപേർ മുഖം ഭാഗികമായി മറച്ചിരുന്നെങ്കിലും അക്രമത്തിനിടെ ഇത് അഴിഞ്ഞുവീണിരുന്നു. അതുകൊണ്ടുതന്നെ അക്രമികളെ കൃത്യമായി മനസ്സിലാക്കാൻ പോലീസിനായി. ഇവർ അക്രമം നടത്തി കായ്യത്ത് റോഡിൽ നിന്ന് ഗുഡ്‌സ്‌ഷെഡ് റോഡ് വഴി കുയ്യാലി ഭാഗത്തേക്കാണ് നീങ്ങിയത്.
മുൻ ദിവസങ്ങളിൽ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അക്രമികൾ ശനിയാഴ്ച നസീറിനെ പിന്തുടർന്നത്. നോമ്പുതുറന്ന ശേഷമായതിനാൽ ഈ സമയം കായ്യത്ത് റോഡിൽ യാത്രക്കാർ കുറവായിരിക്കും. മാത്രമല്ല ഇവിടം മുതൽ വീടുവരെ നസീർ ഒറ്റയ്‌ക്കോ ഏതെങ്കിലും ഒരു കൂട്ടുകാരനോ മാത്രമെ കൂടെയുണ്ടാകാറുള്ളു. ഇത് മനസ്സിലാക്കിയാണ് കായ്യത്ത് റോഡ് തന്നെ അക്രമികൾ തിരഞ്ഞെടുത്തിരിക്കാൻ കാരണം. സ്റ്റേഡിയം പള്ളിക്കുസമീപത്തുനിന്ന് കൂട്ടുകാരൻ സി.എച്ച് നൗറിഫിനൊപ്പമാണ് നസീർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയത്. വഴിയിലൊരിടത്തുവെച്ച് നസീറും നൗറിഫും ചായ കുടിക്കുമ്പോൾ അക്രമിസംഘം കുറച്ചകലെയായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.
 
നടപ്പാക്കിയത് ക്വട്ടേഷനെന്ന് പോലീസ്
അക്രമികൾ നസീറിനെ ആക്രമിച്ചത് മറ്റാരുടെയോ നിർദേശ പ്രകാരമാണെന്ന ഉറപ്പിലാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. എന്നാൽ അക്രമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമില്ലെന്ന നിഗമനത്തിലാണ് പോലീസുള്ളത്. അക്രമികളെ പിടികൂടുന്നതിനൊപ്പം തന്നെ ഗൂഢാലോചന നടത്തിയവരെയും അകത്താക്കാൻ പോലീസ് നീക്കം തുടങ്ങി. അക്രമികൾ സി.പി.എമ്മുമായി ബന്ധമുള്ള ക്വട്ടേഷൻ സംഘത്തിലുള്ളവരാണ്. ഇവർ പാർട്ടി ഇതര ക്വട്ടേഷനുകൾ ഏറ്റെടുക്കാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തലശ്ശേരിയുടെ സമീപപ്രദേശം കേന്ദ്രീകരിച്ച അക്രമിസംഘമെന്ന സൂചനയാണ് പുറത്തുവരുന്നത്.     
നസീറിനെ വധിക്കുകയെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. കാലുകൾക്ക് നേരെയായിരുന്നു അക്രമം. ഇത് തടയുകയും അടിക്കാൻ ശ്രമിച്ച കമ്പി നസീർ പിടിക്കുകയും ചെയ്തു. ഈ പിടിത്തം വിടാനായാണ് അക്രമികൾ നസീറിന്റെ വയറ്റിൽ കുത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായത്. നസീറുമായി ബന്ധപ്പെട്ട രാഷ്ട്രീയേതര തർക്കങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അത്തരത്തിലുള്ള തർക്കത്തിന്റെ ഭാഗമായുള്ള കൃത്യമാണെന്നാണ് ഇപ്പോൾ പോലീസ് കരുതുന്നത്. 
നസീറിനെ തലശ്ശേരിയിലെ ഒരു സി.പി.എം നേതാവ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം പോലീസ് കാര്യമാക്കുന്നില്ല. എന്നാൽ പാർട്ടിയുമായി ബന്ധമുള്ള ക്വട്ടേഷൻ സംഘം കൃത്യം ഏറ്റെടുത്തത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്. സി.പി.എം തലശ്ശേരി നഗരസഭാ കൗൺസിലറും ടൗൺ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു നസീർ. പാർട്ടി അംഗത്വം പുതുക്കാത്ത നസീർ കുറച്ചുവർഷമായി സി.പി.എമ്മിന്റെ ശക്തമായ വിമർശകനുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേപ്പയൂരിൽ വെച്ച് രണ്ടുതവണ നസീറിന് മർദനമേറ്റിരുന്നു. സി.പി.എം പ്രവർത്തകരാണ് അക്രമിച്ചതെന്നായിരുന്നു നസീറിന്റെ പരാതി. ഈ സാഹചര്യത്തിലാണ് നസീറിന് നേരെ നടന്ന അക്രമം വലിയ ചർച്ചയായത്. 

Latest News