Sorry, you need to enable JavaScript to visit this website.

പാരിസിലെ ഇന്ത്യയുടെ റഫാല്‍ പ്രൊജക്ട് ഓഫീസില്‍ അജ്ഞാത സംഘത്തിന്റെ മോഷണ ശ്രമം

ന്യൂദല്‍ഹി- ഫ്രഞ്ച് പ്രതിരോധ കമ്പനി ദാസോ ഏവിയേഷന്‍ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളുടെ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യന്‍ വ്യോമ സേനയുടെ പ്രൊജക്ട് ഓഫീസിലേക്ക് അജ്ഞാതര്‍ അതിക്രമിച്ചു കയറി. ഞായറാഴ്ച രാത്രി നടന്ന സംഭവം വ്യാഴാഴ്ചയാണ് പുറത്തറിയുന്നത്. പാരിസ് നഗരത്തിനു പുറത്തുള്ള സെയ്ന്റ് ക്ലൗഡിലെ ദാസോ സമുച്ചയത്തിലാണ് ഇന്ത്യന്‍ വ്യോമ സേനയുടെ നേതൃത്വത്തിലുള്ള റഫാല്‍ പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ മൂന്ന് ഓഫീസുകളിലും അജ്ഞാതര്‍ കയറിയിട്ടുണ്ട്. എന്തെങ്കിലും രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് റിപോര്‍ട്ടുകളുണ്ട്. പണമോ വിലപിടിപ്പുള്ള മറ്റു വസ്തുക്കളോ സൂക്ഷിത്താക്ക ഈ ഓഫീസിലേക്ക് രേഖകള്‍ മോഷ്ടിക്കാനാകാം ഇവര്‍ വന്നതെന്നും ഇതു ചാര പ്രവര്‍ത്തനമാകാമെന്നും സൂചനയുണ്ട്. സംഭവം അന്വേഷിക്കുന്ന പോലീസ് മോഷണ സാധ്യത തള്ളിയിട്ടില്ല. 

വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റന്‍ പദവിയിലുള്ള ഓഫീസറുടെ നേതൃത്വത്തിലാണ് പാരിസിലെ പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന റഫാല്‍ പോര്‍വിമാനങ്ങളുടെ ഉല്‍പ്പാദനത്തിന് മേല്‍നോട്ടം വഹിക്കുകയും ഇന്ത്യന്‍ വ്യോമ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതും സംബന്ധിച്ച കാര്യങ്ങളാണ് ഈ ഓഫീസ് കൈകാര്യം ചെയ്യുന്നത്. സംഭവം ഇന്ത്യന്‍ വ്യോമ സേനയെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയമോ ഇന്ത്യന്‍ വ്യോമ സേനയോ ഫ്രഞ്ച് എംബസിയോ പ്രതികരിച്ചിട്ടില്ല.
 

Latest News