വ്യാപക സംഘര്‍ഷ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ രാജ്യവ്യാപകമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന കലാപാഹ്വാനങ്ങളും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുമെന്ന ഭീഷണികളും കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവിമാര്‍ക്കും അയച്ച ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.

പലയിടത്തും, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുന്നതിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുന്ന തരത്തില്‍ ചില സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഭീഷണി ഉള്ളതായാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള വിവരം.
 

Latest News