Sorry, you need to enable JavaScript to visit this website.

പുതുവൈപ്പിൽ ഒഴുകിയ ചോര

പുതുവൈപ്പിൽ ഐ ഒ സി പ്ലാന്റിനെതിരായ സമരം രക്തത്തിൽ മുങ്ങുകയാണ്. വികസനത്തിനെതിരെ ആര് സംസാരിച്ചാലും അടിച്ചമർത്തുമെന്ന, മെട്രോ ഉദാഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷമാണ് മർദ്ദനം രൂക്ഷമായിരിക്കുന്നത്. കേവലം ഒരു ഉദ്യാഗസ്ഥൻ നടത്തുന്ന ഇൻസ്‌പെക്ടർ ബിജു പോലുളള ആക്രമണമല്ല നടക്കുന്നത്, സർക്കാറിന്റെ പച്ചക്കൊടി ലഭിച്ച ശേഷം തന്നെയാണ് പോലീസ് നടപടി. പുതുവൈപ്പ് ഐ ഒ സി വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സമര സമിതി പ്രവർത്തകരോട് തികഞ്ഞ ധാർഷ്ട്യത്തോടെയായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. അവരുടെ മുന്നിൽ വെച്ചു തന്നെ ഐ ഒ സി പ്രതിനിധികളോട് നിങ്ങൾ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന ബ്ലാങ്ക് ചെക്കാണ് അദ്ദേഹം നൽകിയത്. ആ ബ്ലാങ്ക് ചെക്കിൽ പോലീസ് തുകയെഴുതുന്നു എന്നു മാത്രം. ഒപ്പം പതിവുപോലെ ജനകീയ സമരത്തെ തകർക്കാനുള്ള ഗൂഢപദ്ധതിയും ആരംഭിച്ചിരിക്കുന്നു. സമരത്തിനു പിന്നിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന സ്ഥിരം പല്ലവി. മാത്രമല്ല മൂന്നാറിലും മറ്റും ഉന്നയിച്ചപോലെ പുറത്തുനിന്നുള്ളവർ സമരത്തിനെത്തുന്നു എന്നാണ് മറ്റൊരാരോപണം. 
സി.പി.എം നേതാവ് എ. വിജയരാഘവനാകട്ടെ ഒരുപടി കൂടി മുന്നോട്ടു പോയി വീട്ടിലിരുന്നവർക്കൊന്നും അടി കിട്ടിയില്ലല്ലോ എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ചെഗുവേരക്കും കയ്യൂർ - വയലാർ - കൂത്തുപറമ്പ് സഖാക്കൾക്കൊക്കെ അതാകാമായിരുന്നല്ലോ. സമരം ചെയ്യാനുള്ള കുത്തക തങ്ങൾക്കു മാത്രമെന്ന്. കഴിഞ്ഞില്ല, കുട്ടികളേയും സ്ത്രീകളേയും മുന്നിൽ നിർത്തിയാണത്രേ സമരം നടത്തുന്നത്. അവരെന്താ സ്വന്തമായി നിലപാടെടുക്കാൻ കഴിവില്ലാത്തവരോ..? ലോകത്തെവിടേയും ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ മുഖ്യ ശക്തി സ്ത്രീകളാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കുമറിയാം. പശ്ചിമ ബംഗാളിൽ ഭംഗാറിൽ പവർ ഗ്രിഡിന്റെ സബ് സ്റ്റേഷനെതിരെ അവിടത്തെ ജനങ്ങൾ നടത്തുന്ന സമരത്തിന് ചില തോതിലെങ്കിലും സമാനമാണ് വൈപ്പ് കരയിലെ ജനങ്ങൾ ഐ.ഒ. സിക്കെതിരെ നടത്തുന്ന സമരം. 
തേഭാഗ പ്രക്ഷോഭത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഭംഗാറിലെ കർഷകരെ പോലെയാണ് കുടിവെള്ള സമരമടക്കം നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയ പാരമ്പര്യമുള്ള വൈപ്പിലെ സാധാരണക്കാർ. ഒരു വശത്ത് സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ഒ.ആർ.സി തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകി കുട്ടികളെ പോലീസ് സംവിധാനത്തോട് ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് കുട്ടികളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരെ പോലീസ് തന്നെ മർദ്ദിക്കുകയും അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്യുക എന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.  
വികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിക്കുന്നവർക്ക് പകരം ഭൂമി നൽകും, എന്നിട്ടും ഒതുങ്ങിയില്ലെങ്കിൽ അടിച്ചമർത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇവിടെ പക്ഷേ അതല്ല പ്രശ്‌നം. തങ്ങൾ ജീവിതത്തിൽ നിന്ന് കുടിയൊഴിക്കപ്പെടുമെന്നാണ് ജനം ഭയക്കുന്നത്. കൂടാതെ പച്ചയായ നിയമ ലംഘനങ്ങളുമാണ് നടക്കുന്നത്. 
എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തിൽ  കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽത്തിരമാലയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ജി.പി.എസ് കോ ഓർഡിനേറ്റുകൾ പ്രൊജക്റ്റ് സൈറ്റ് ആയി നൽകിയാണ് ഐ.ഒ.സി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിർമാണത്തിന് പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയിൽ പൂർണമായി കുഴിച്ചിടുന്ന വൻ ടാങ്കറുകളിൽ സ്റ്റോർ ചെയ്ത്, ടാങ്കറുകളിൽ നിറച്ച് വിതരണം നടത്തുക എന്നതാണ് പദ്ധതി. ഹൈടൈഡ് ലൈനിൽ നിന്ന് 200 മീറ്റർ വിട്ട് നിർമാണം നടത്താൻ തീരദേശ പരിപാലന അതോറിറ്റിയും കേന്ദ്ര സർക്കാരും അംഗീകാരം നൽകി. എന്നാൽ അതെല്ലാം ധിക്കരിച്ച് കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിൽ ആണ് നിർമാണം നടത്തുന്നത്. ഓരോ വർഷവും 23 മീറ്റർ വീതം കടൽ എടുത്തുപോകുന്ന ഇറോഷൻ സോൺ ആണ് ഇതെന്നു നാട്ടുകാർ പറയുന്നു.
ഒരു മീറ്റർ എങ്കിലും  കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നു. നിർമാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിനകത്ത് അടിച്ചു കയറി മതിൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഇത്ര വലിയ ടാങ്ക് നിർമ്മാണം നടക്കുന്നത്. ഇപ്പോൾ നിർമ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള ചീ റല്‌ലഹീുാലി േദീില ലാണ്. ഇത് നിയമ വിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നൽകിയിട്ടുള്ളൂ. എന്നാൽ 200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണ് ഐ.ഒ.സിയുടെ വാദം.  മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെയെന്ന് ഐ.ഐ.ടി നടത്തിയ പഠനം പറയുന്നു. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യ സമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും. മുഖ്യമായും മത്സ്യത്തൊഴിലാളികളാണ് ഇവിടെ ജീവിക്കുന്നത്.  200 മീറ്ററിനുള്ളിൽ ആണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹരജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പൈലിംഗിന്റെ പൊടിയടിച്ച് സ്വന്തം വീട്ടിൽപ്പോലും കിടക്കാനാവാതെ, രാത്രി ഉറങ്ങാൻ പോലുമാകാതെ വന്നപ്പോഴാണ് ജനങ്ങൾ സമരം തുടങ്ങിയത്. അധികാര വികേന്ദ്രീകരണത്തിന്റെ ഇക്കാലത്തും പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിലാണ് ഐ.ഒ.സി. 
സെസ് നയത്തിൽ പോലും പഞ്ചായത്തീരാജ് നിയമം ബാധകമാണെന്നും, കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാ ഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നുമാണ് പഞ്ചായത്ത് നിലപാട്.  പ്രദേശവാസികൾ ദേശീയ ഹരിത ട്രിബ്യുണലിനെ സമീപിച്ചിരുന്നു. ആദ്യം നിർമാണം നിർത്തി വെയ്ക്കാനും പിന്നീട് എച്ച്.ടി.എല്ലിൽ നിന്ന് 200 മീറ്റർ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കർശനമായി പാലിച്ചു കൊണ്ടും മാത്രമേ നിർമ്മാണം നടത്താവൂ എന്നും എൻ.ജി.ടി ഉത്തരവിട്ടു. 
കോടതി നിയോഗിച്ച കേന്ദ്ര സംസ്ഥാന പഞ്ചായത്ത് പ്രതിനിധികൾ അടങ്ങിയ സംഘം സ്ഥലത്തിന് പാരിസ്ഥിതികാനുമതി വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. കോടതിവിധി ലംഘിച്ചു നടക്കുന്ന നിർമ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർ നൽകിയ കേസ് ജൂലൈ 4 നു വാദം കേൾക്കാൻ ഇരിക്കുകയാണ്. ജൂൺ മാസം ട്രിബ്യുണൽ അവധിയാണ്.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സമര സമിതിയുമായി ചർച്ച നടത്തിയത്. ജൂലൈ 4 വരെ കാത്ത് നിൽക്കാതെ പോലീസിനോട് സമരക്കാരെ നേരിടാൻ ഉത്തരവ് നൽകുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്ന് സമരക്കാർ ആരോപിക്കുന്നു. അതാണിപ്പോൾ നടക്കുന്നത്. 

 

Latest News