ന്യൂദല്‍ഹി- ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ ഏറെ പ്രശസ്തനായ വൈറല്‍ താരം മോഹിത് മോറിനെ ദല്‍ഹിയില്‍ വെടിവെച്ചു കൊലപ്പെടുത്തി. നജഫ്ഗഢിലെ ഒരു ഷോപ്പിനുള്ളില്‍ വച്ചാണ് മൂന്ന് പേര്‍ ചേര്‍ന്ന് മോഹിതിനെ ആക്രമിച്ചത്. സുഹൃത്തുക്കളെ കാണാനായി ഷോപ്പിലെത്തിയതായിരുന്നു മോഹിത്. ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ആയുധ ധാരികളായ മൂന്ന് പേര്‍ അതിക്രമിച്ചെത്തി സോഫയിലിരിക്കുകയായിരുന്ന മോഹിതിനു നേര്‍ക്കു നിറയൊഴിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമികള്‍ 13 തവണ വെടിവച്ചെങ്കിലും ഏഴെണ്ണമാണ് മോഹിതിന്റെ ശരീരത്തില്‍ തുളച്ചു കയറിയതെന്നും പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ ആക്രമികളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മോഹിതിനെ കൊലപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ആക്രമികളില്‍ രണ്ടു പേര്‍ ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ചിട്ടുണ്ട്. ഒരാളുടെ മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഫിറ്റ്‌നെസ് ട്രൈനറായ മോഹിത് ടിക് ടോക്ക് വിഡിയോകളിലൂടെയാണ് സെലിബ്രിറ്റി ആയി മാറിയത്. 24 കാരനായ മോഹിതിന് അഞ്ചു ലക്ഷത്തിലേറെ ആരാധകരും 84 ലക്ഷത്തോളെ ലൈക്കുകളും ടിക് ടോക്കിലുണ്ട്.