ന്യൂജഴ്‌സി- സ്വകാര്യ വിമാനം ഓട്ടോ പൈലറ്റ് മോഡില്‍ പറത്തി 15 വയസ്സുകാരിയെ പീഡിപ്പിച്ച അമേരിക്കന്‍ കോടീശ്വരന്‍ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ കുറ്റം സമ്മതിച്ചു. കൗമാരക്കാരിയെ ലൈംഗികമായ ദുരുപയോഗം ചെയ്ത സംഭവത്തില്‍ 53 കാരന് വ്യാഴാഴ്ച ശിക്ഷ വിധിക്കും. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. 2017 ജൂലൈയിലാണ് ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് എയര്‍പോര്‍ട്ടില്‍നിന്ന് മസാചുസെറ്റ്‌സിലെ കേപ് കോഡിലേക്ക് പറത്തിയ സ്വകാര്യ വിമാനത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിനു രണ്ടു മാസംമുമ്പ് അമ്മയാണ് പെണ്‍കുട്ടിയെ ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഉടമയായ ഇയാളുടെ അടുത്തെത്തിച്ച് വിമാനം പറത്താന്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് സെക്‌സ് മെസേജുകള്‍ അയച്ചു തുടങ്ങുകയായിരുന്നു.
കോടീശ്വരനായ മെല്‍ പ്രായപൂര്‍ത്തിയാകാത്ത വേറെയും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി കേസ് നിലവിലുണ്ട്. ഇയാളുടെ ഭാര്യ വിവാഹ മോചനത്തിന് ഹരജി ഫയല്‍ ചെയ്തതായും ബ്രിഡ്ജ് വാട്ടര്‍ കൊറിയര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.






