പുതുവൈപ്പ്: യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി

കൊച്ചി-  പുതുവൈപ്പ് സമരക്കാര്‍ക്കുനേരെ നടന്ന അതിക്രമത്തില്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്രയെ ഡിജിപി ടി.പി.സെന്‍കുമാര്‍ ന്യായീകരിച്ചു.  പുതുവൈപ്പിലും ഹൈക്കോടതി ജങ്ഷനിലും പോലീസ് നിറവേറ്റിയത് അവരുടെ ഉത്തരവാദിത്വമാണെന്ന് ഡിജിപി പറഞ്ഞു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി വരുമ്പോള്‍ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്. പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് വാഹനവ്യൂഹം കടന്നുപേകേണ്ട വഴിയിലായിരുന്നു പ്രതിഷേധം. എസ്.പി.ജി അടക്കമുള്ളവര്‍ സുരക്ഷ പരിശോധന കര്‍ശനമാക്കുന്നതിനിടെ ഇത്തരം ഒരു പ്രതിഷേധം അനുവദിക്കാനാവില്ലെന്നും അതുകൊണ്ടാണ് നടപടി വേണ്ടിവന്നതെന്നും ഡി.ജി.പി പറഞ്ഞു.
സമരത്തിന്  പിന്നില്‍ തീവ്രവാദശക്തികളുണ്ട്.  ഐ.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ കോടതി ഉത്തരവുണ്ടെന്നും അതാണ് പോലീസ് നിറവേറ്റിയതെന്നും ഡി.ജി.പി പറഞ്ഞു.
മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധത്തിന് എത്തിയവരെയാണ് ഹൈക്കോടതി ജങ്ഷനില്‍നിന്ന് ഒഴിവാക്കിയത്. പുതുവൈപ്പിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ പറഞ്ഞാണ് പരിഹാരം തേടേണ്ടത്. മൂന്നരക്കോടി ജനങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതികളില്‍ അയ്യായിരമോ, ആറായിരമോ ആളുകള്‍ക്കാകും പ്രശ്‌നമുള്ളത്. കേരളത്തില്‍ മാത്രമാണ് ഈ അവസ്ഥ. ഇവിടെ നാലുവരിപ്പാതയുണ്ടാകാത്തതും ഈ പ്രശ്‌നംകൊണ്ടാണ്.
പുതുവൈപ്പിലെ പദ്ധതി 2009 മുതല്‍ നടക്കുന്നതാണ്. പോലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. ഹൈക്കോടതി ജംക്ഷനിലുണ്ടായ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും താന്‍ കണ്ടു. അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് പോലീസ് അങ്ങനെ ചെയ്തതെന്നും ഡി.ജി.പി അവകാശപ്പെട്ടു.  പുതുവൈപ്പ് സമരത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിനുമുമ്പ്  യതീഷ്ചന്ദ്ര ഡി.ജി.പിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
 

Latest News