ഭോപാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി കമല്‍നാഥ്. ഏതാനും ദിവസങ്ങളായി പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയിലേക്കു കാലുമാറാന്‍ പണവും പദവില്‍ വാഗ്ദാനം ചെയ്ത് കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. വാഗ്ദാനങ്ങളുമായി ബിജെപിയുടെ ഫോണ്‍ വിളികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായി പത്തോളം എംഎല്‍എമാര്‍ തന്നെ അറിയിച്ചതായാണ് കമല്‍നാഥ് പറഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എമാരുമായും ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കമല്‍നാഥ് ഇക്കാര്യം പറഞ്ഞത്. തന്റെ പാര്‍ട്ടി എംഎല്‍എമാരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് എംഎല്‍എമാരിലും പിന്തുണ നല്‍കുന്ന പാര്‍ട്ടികളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ബിജെപി ഇതു ചെയ്യുന്നത് അവരുടെ അണികളുടെ ആത്മവീര്യം ഉയര്‍ത്താനാണ്. ഇതില്‍ എനിക്ക് പ്രശ്‌നമില്ല- കമല്‍നാഥ് പറഞ്ഞു.
അതിനിടെ തങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി ചൊവ്വാഴ്ച വീണ്ടും ആവര്‍ത്തിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്, അതുകാരണം സര്‍ക്കാര്‍ പൊളിഞ്ഞേക്കാമെന്നും ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം ബിജെപിയുടെ ഇരുപതിലേറെ എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മേയ് 23ന് ലോക്‌സഭാ ഫലം വരുമ്പോല്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ ഇവര്‍ പാര്‍ട്ടി മാറുമെന്നും നിയമമന്ത്രി പി സി ശര്‍മ അവകാശപ്പെട്ടു.