Sorry, you need to enable JavaScript to visit this website.

റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച്  കയറ്റി കമിതാക്കളുടെ ആത്മഹത്യാ ശ്രമം 

തിരുവനന്തപുരം-അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി കമിതാക്കളുടെ ആത്മഹത്യാ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപം കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.30ഓടെയാണ് ഇരുവരും ട്രാക്കില്‍ ബൈക്ക് ഓടിച്ച് കയറ്റിയത്. ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് സംഭവം.
സംഭവം ഗേറ്റ്കീപ്പര്‍ കണ്ടതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ അറിയിച്ച് തീവണ്ടി നിര്‍ത്തിയിട്ടു. ഇതോടെയാണ് അപകടം ഒഴിവായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ കമിതാക്കള്‍ രക്ഷപ്പെട്ടു. തീവണ്ടി കടന്നുപോകുന്നതിന് മുന്‍പായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ബൈക്കില്‍ യുവാവും യുവതിയും ട്രാക്കിലേക്ക് എത്തിയത്.
പെട്ടെന്നുതന്നെ ഗേറ്റ്കീപ്പര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശം നല്‍കി. തീവണ്ടി നിര്‍ത്തിയിട്ട ശേഷം ആര്‍.പി.എഫ്. ട്രാക്കിലൂടെ പരിശോധന നടത്തി.അല്പംദൂരെയായി രണ്ടുപേര്‍ നില്‍ക്കുന്നത് പരിശോധനയില്‍ കണ്ടു. ഇവര്‍ അടുത്തെത്തുമ്പോഴെയ്ക്കും കമിതാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്ററോളം അധികൃതര്‍ ട്രാക്കില്‍ പരിശോധന നടത്തി.
പിന്നീട് അരമണിക്കൂറിലേറെ വൈകിയാണ് തീവണ്ടി പുറപ്പെട്ടത്. റെയില്‍വേ പൊലീസും ഇന്റലിജന്‍സും അന്വേഷണം നടത്തി. എന്നാല്‍ കമിതാക്കളെ കണ്ടെത്താനായില്ല. ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.

Latest News