കോഴിക്കോട്- പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ പിന്തുണ നൽകിയത് യു.ഡി.എഫിനായിരുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് നൽകിയെന്നും എസ്.ഡി.പി.ഐ നേതാവ് വ്യക്തമാക്കി.
ബി.ജെ.പിക്ക് സാധ്യത കല്പിക്കപ്പെട്ട മണ്ഡലങ്ങളിലാണ് വിജയ സാധ്യതയുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചതെന്നും നേതാക്കൾ വ്യക്തമാക്കി. പാർട്ടി സ്ഥാനാർഥികളെ നിർത്താത്ത മറ്റ് ഏഴിടങ്ങളിൽ പ്രാദേശികമായി അണികളുടെ മനോഗതിയനുസരിച്ചാണ് വോട്ടു ചെയ്തത്.
അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ സി.പി.എമ്മിന് എതിരല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ ന്യൂനപക്ഷ പിന്തുണ ഇടതുക്ഷത്തിന് ലഭിച്ചതാണ്. ഇപ്പോൾ ന്യൂനപക്ഷം അകന്നെന്ന് സി.പി.എമ്മിന് തോന്നുന്നതിന്റെ കാരണം പാർട്ടി തന്നെ കണ്ടെത്തി പരിശോധനയ്ക്കു വിധേയമാക്കണം. പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ല. ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിൽ പഴി മറ്റുള്ളവരുടെ മേൽ ചാരുന്നതിനു പകരം കാരണങ്ങൾ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുകയാണ് വേണ്ടത്.
എൽ.ഡി.എഫിനുണ്ടാകുന്ന തിരിച്ചടി എസ്.ഡി.പി.ഐയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ദയനീയ ശ്രമമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന. കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടുക്കും ബി.ജെ.പിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. ബി.ജെ.പിയെ തടയുന്ന കാര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ വോട്ടർമാർ സി.പി.എമ്മിനെ പരിഗണിക്കാനുള്ള എന്തു ദേശീയ പ്രാധാന്യമാണ് ഇന്ന് ആ പാർട്ടിക്കുള്ളതെന്ന് കോടിയേരി വിശദീകരിക്കണം. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായത് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലാണെന്നും എസ്.ഡി.പി.ഐ ഏറ്റവും വലിയ വർഗീയ പാർട്ടിയാണെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന തോൽവി മുന്നിൽകണ്ടുള്ള കലാപാഹ്വാനമാണെന്നും മജീദ് ഫൈസി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവരും സംസാരിച്ചു.






