Sorry, you need to enable JavaScript to visit this website.

വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തെര. കമ്മീഷനോട്

ന്യൂദല്‍ഹി- വോട്ടണ്ണല്‍ നടക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി സംബന്ധിച്ച് വ്യാപക ആശങ്ക പരന്ന പശ്ചാത്തലത്തില്‍ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചൊവ്വാഴ്ച തെരഞ്ഞെടുപ്പു കമ്മീഷനെ നേരിട്ടു കണ്ട് പരാതി ഉന്നയിച്ചു. വോട്ടെണ്ണല്‍ പ്രക്രിയയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളുടെ വലിയ പട്ടിക തന്നെ പ്രിതപക്ഷം കമ്മീഷനു മുമ്പാകെ അവതരിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം ഇത്തവണ ഉപയോഗിച്ച വിവിപാറ്റ് യന്ത്രങ്ങളില്‍ പ്രിന്റ് ചെയ്ത വോട്ടുകള്‍ ആദ്യം എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലേയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളാണ് എണ്ണുക. ഇത് ആദ്യം എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 100 ശതമാനം വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളും എണ്ണമമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി അസംബന്ധമെന്നു വിശേഷിപ്പിച്ച് തള്ളിയിരുന്നു.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണൂവെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇവ ആദ്യ എണ്ണണമെന്നാണ് ഞങ്ങളുടെ ആവശ്യം. വിവപാറ്റ് ആദ്യ എണ്ണിയാല്‍ പിന്നീട് പ്രശ്‌നമുണ്ടാകുകയാണെങ്കില്‍ വീണ്ടും എണ്ണാം. ഇത് സമയം പാഴാക്കില്ല- യോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ബുധനാഴ്ച രാവിലെ യോഗം ചേരുമെന്ന് കമ്മീഷന്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

യുപി, ബിഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക വോട്ടിങ് യന്ത്രങ്ങള്‍ സംശയകരമായി വാഹനങ്ങളില്‍ കൊണ്ടു പോകുന്നതായി പുറത്തു വന്ന വാര്‍ത്തകള്‍ തങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ അറിയിച്ചു.
 

Latest News