ബംഗളുരു- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തോറ്റമ്പുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് റോഷന്‍ ബേഗ് എംഎല്‍എ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോമാളിയാണെന്നും സിദ്ധാരാമയ്യയുടെ ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസിന് തോല്‍പ്പിക്കുന്നതെന്നും ബേഗ് പ്രതികരിച്ചു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ മന്ത്രി പദവികള്‍ വില്‍ക്കുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുകയും ചെയ്തു. പ്രവചനത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിനു കാരണം വേണുഗോപാലാണെന്ന് അദ്ദേഹം ആരോപിച്ചു. വേണുഗോപാലിനെ പോലുള്ള കോമാളികളും സിദ്ധാരമയ്യയുടെ ധാര്‍ഷ്ട്യവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുണ്ടു റാവുവിന്റെ വീഴ്ചയുമാണ് സഖ്യസര്‍ക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് ബേഗ് ആരോപിച്ചു.
ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റും നല്‍കിയില്ല. മുസ്ലിം വിഭാഗത്തിന് ഒരു സീറ്റ് മാത്രമാണ് നല്‍കിയത്. ഇവര്‍ തഴയപ്പെട്ടതില്‍ താന്‍ അസ്വസ്ഥനാണെന്നും ബേഗ് പറഞ്ഞു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച പല നേതാക്കളും രംഗത്തെത്തിയതോടെ കര്‍ണാടക കോണ്‍ഗ്രസ് നേതൃനിരയില്‍ സംഘര്‍ഷം പുകയുകയാണ്. വേണുഗോപാര്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച ഡി കുമാരസ്വാമിയെ ഇന്ന് കാണുന്നുണ്ട്.