നീലഗിരി കുന്നുകളെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണ് നീലഗിരി മലകൾ. നീലക്കുറിഞ്ഞി പൂക്കുന്നതു കൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകൾക്ക് നീലഗിരി എന്ന് പേരു വരാൻ കാരണം. കേരളത്തിൽനിന്ന് നാടുകാണിച്ചുരം കയറി ഗൂഡല്ലൂർ വഴിയുള്ള ഊട്ടി യാത്രയിൽ മികവാർന്ന കാഴ്ചകളാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. നാടുകാണി പിന്നിട്ട് ഗൂഡല്ലൂർ എത്തുന്നതുവരെ നഗരത്തിന്റെ പിന്നിലായി ആരേയും കൗതുകപ്പെടുത്തുന്ന വലിയ പർവതനിരയുടെ മുകളറ്റമാണ് നീഡിൽ റോക്ക്. എത്ര ശരീര ഭാരമുള്ളവനും കിതയ്ക്കാതെ നീഡിൽ റോക്ക് കീഴടക്കാമെന്നുള്ളതാണ് പ്രത്യേകത.

സമുദ്ര നിരപ്പിൽനിന്ന് 1439 മലയുടെ ഏറ്റവും ഉയരത്തിലുള്ള ശിലാശിഖരങ്ങൾക്ക് വശത്തു കൂടിയാണ് പാത വെട്ടിയിട്ടുള്ളത്. ഏതൊരു സഞ്ചാരിയുടേയും മനം കുളിർപ്പിക്കുന്നതാണ് ഈ പാത. മീറ്റർ ഉയരത്തിലാണ് ഈ വ്യൂ പോയന്റ്. സിമന്റിൽ തീർത്ത ഒരു കൂടാരമാണവിടെ കാണാൻ കഴിയുക. ചുറ്റിലും ബാൽക്കണി സജ്ജമാക്കിയിട്ടുണ്ട്. അതിൽ നടന്നു മലയടിവാരം മുഴുവനായി ആസ്വദിക്കാം. കാൽ തെറ്റിയാൽ അനേകം അടി താഴ്ചയിലേക്ക് വീണുപോകും. അതുകൊണ്ട് സാഹസികർ അൽപമൊന്നു ശ്രദ്ധിച്ചു മുന്നോട്ട് പോകണം. രണ്ട് വ്യൂ പോയന്റുകളാണ് നീഡിൽ റോക്ക് ഹിൽസിലുള്ളത്.

ഊട്ടിയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ആകർഷണം പൈക്കര ജലാശയമാണ്. ജലാശയത്തിലേക്കെത്തുന്ന പുഴയിൽ വെള്ളച്ചാട്ടവും വലതുഭാഗത്ത് കാടിന്റെ ഉള്ളിലൂടെയുള്ള പാതയിലൂടെ യാത്ര ചെയ്ത് ബോട്ടിങും ആസ്വദിക്കാം. ചിലപ്പോഴൊക്കെ കാട്ടുമൃഗങ്ങളെയും കാണാൻ കഴിയും. ജലാശയത്തിന്റെ പിറകുവശത്തെ പുൽമേടുകൾ ഊട്ടിയിലെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഷൂട്ടിംഗ് സ്‌പോട്ട് എന്നാണ് ഇതറിയപ്പെടുന്നത്.
ഇവിടെ നിന്നും നോക്കിയാൽ പൈക്കര ജലാശയത്തിന്റെ വിദൂര കാഴ്ചയും വിപരീത ദിശയിൽ നിരവധി മൊട്ടക്കുന്നുകളും ഇടയിൽ ഇടതിങ്ങി വളരുന്ന പൈൻ മരങ്ങളും നല്ല കാഴ്ചയാണ്. ഊട്ടിയിലേക്കുള്ള യാത്രയിൽ ഒരു വശത്ത് കാമരാജ് സാഗർ ജലാശയവും അണക്കെട്ടും കാണാം. ഈ ജലാശയത്തിന്റെ കരയിലാണ് പ്രസിദ്ധമായ ഊട്ടി പൈൻ ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്.






