നടന്നത് കുറ്റമറ്റ തെരഞ്ഞെടുപ്പ്; കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണാബ് മുഖര്‍ജി

ന്യൂദല്‍ഹി- കുറ്റമറ്റ രീതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊരുതാന്‍ ഒരുങ്ങുമ്പോഴാണ് കമ്മീഷന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് മുന്‍ രാഷ്ട്രപതി രംഗത്തുവന്നത്.

വിവധ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കൃത്യമായ രീതിയില്‍ വോട്ടെടുപ്പ് നടത്തിയതുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം വിജയിച്ചതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം വിജയിച്ചിട്ടുണ്ടെങ്കില്‍ സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ കമ്മീഷണര്‍മാരെ വരെ കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതു കൊണ്ടാണ്. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് കമ്മീഷണര്‍മാരും അവരുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് അവരെ വിമര്‍ശിക്കാനാവില്ല. കുറ്റമറ്റ രീതയില്‍ നടന്ന തെരഞ്ഞെടുപ്പാണിത്- പ്രണാബ് മുഖര്‍ജി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമവും പകുതി വിവിപാറ്റുകള്‍ എണ്ണാന്‍ തയറാകാത്ത നടപടിയും ഉന്നയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇലക് ഷന്‍ കമ്മീഷന കാണുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളെ കുറിച്ച് നല്‍കിയ പരാതികളില്‍ പരിമത നടപടികള്‍ മാത്രമാണ് കമ്മീഷന്‍ കൈക്കൊണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തുന്നും. ബി.ജെ.പിക്ക് അനുകുലമായാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

 

Latest News