Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കല്യോട്ട് ഇരട്ടക്കൊലക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് 

കാസർകോട്- പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിച്ച ഉടനെയാണ് ആകെ 14 പ്രതികളുടെ പേരിലുള്ള കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ടെങ്കിലും കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം തലവനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.എം പ്രദീപ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതിയും സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായ എം പീതാംബരൻ ആസൂത്രണം ചെയ്തു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ നടപ്പിലാക്കിയതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകമെന്നും 1000 പേജുകൾ വരുന്ന കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. കൊലക്കേസിൽ കുറ്റപത്രം പ്രകാരം ഒന്നാം പ്രതി എം. പീതാംബരനും (36) രണ്ടാം പ്രതി ആലക്കോട് എച്ചിലടുക്കത്തെ ഡ്രൈവർ സജി പി ജോർജും (38) മൂന്നാം പ്രതി പെരിയ കല്യോട്ട് എച്ചിലടുക്കം സ്വദേശി കെ എം സുരേഷ് (27), നാലാം പ്രതി എച്ചിലടുക്കത്തെ കെ അനിൽ കുമാർ എന്ന അമ്പു (33), അഞ്ചാം പ്രതി കല്യോട്ടെ ജി.ഗിജിൻ (26), ആറാം പ്രതി കല്യോട്ടെ ശ്രീരാഗ് എന്ന കുട്ടു (22), ഏഴാം പ്രതി ബേഡകം കുണ്ടംകുഴിയിലെ എ അശ്വിൻ എന്ന അപ്പു (18)  എട്ടാം പ്രതി പാക്കം വെളുത്തോളി സ്വദേശി എ സുബീഷ് (36), ഒമ്പതാം പ്രതി പെരിയ തന്നിത്തോട്ടെ എ. മുരളി (36 ), പത്താം പ്രതി പെരിയ കണ്ണോത്ത് താനിത്തിങ്കലിൽ സി. രഞ്ജിത്ത് എന്ന അപ്പു (24), പതിനൊന്നാം പ്രതി പെരിയ തന്നിത്തോട്ടെ പ്രദീപ് എന്ന കുട്ടൻ (34 ), പന്ത്രണ്ടാം പ്രതി ആലക്കോട് സ്വദേശി മണി എന്ന കെ മണികണ്ഠൻ(39), പതിമൂന്നാം പ്രതി സി പി എം പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ (61) പതിനാലാം പ്രതി സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ (40) എന്നിവരാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഒമ്പത് മുതൽ 14 വരെയുള്ള പ്രതികൾ കൊലയാളി സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നവരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 229 സാക്ഷികളുള്ള കൊലക്കേസിൽ 105 തൊണ്ടിമുതലുകൾ കണ്ടെത്തിയിട്ടുണ്ട്. തൊണ്ടിമുതലുകളും  അമ്പതോളം രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കി. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന അഞ്ചു കാറുകൾ, രണ്ടു ജീപ്പുകൾ, അഞ്ച് ബൈക്കുകൾ എന്നിവ ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. മുഖ്യ പ്രതി എം പീതാംബരനെ അറസ്റ്റ് ചെയ്തു കോടതി റിമാന്റ് ചെയ്തതിന്റെ 90 ദിവസം തികയുന്ന ദിവസമാണ് അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ക്രൈം ബ്രാഞ്ച് കൃത്യമായ ദിവസം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രതികളായ സജി പി ജോർജ്, മുരളി, രഞ്ജിത്ത് എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണ്. ഈ ഹരജിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഫെബ്രുവരി 17 ന് രാത്രി ഏഴര മണിയോടെ കല്യോട്ട് കൂരാങ്കര റോഡരികിൽ ബൈക്ക് തടഞ്ഞുനിർത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 20 നാണ് അറസ്റ്റിലായ ഒന്നാം പ്രതിയെ റിമാന്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേർ ജാമ്യത്തിലിറങ്ങി.11 പ്രതികൾ റിമാന്റിൽ കഴിയുകയാണ്. ഉത്തരമേഖലാ എ.ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഐ.ജി കെ ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി മുഹമ്മദ് റഫീഖ്, കോട്ടയം എസ്.പി സാബു മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് മലപ്പുറം ഡിവൈ.എസ്.പി വി.എം പ്രദീപ് അന്വേഷണം പൂർത്തിയാക്കിയത്. കാസർകോട് ക്രൈം ബ്രാഞ്ച് സി.ഐ സി.എ അബ്ദുൽ റഹീം, എസ്.ഐമാരായ ഗിരീഷ്, ഷാജി, കൃഷ്ണകുമാർ, പുരുഷോത്തമൻ, ഫിലിപ്പ് തോമസ് എ എസ് ഐമാരായ മനോജ്, രമേശൻ, ബാലകൃഷ്ണൻ, നാരായണൻ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് സലിം, ജോഷി, സജി ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കുറ്റപത്രം  കോടതി പരിശോധിക്കുന്നു, ഉള്ളടക്കം ക്രൈം ബ്രാഞ്ച് പുറത്തു വിട്ടില്ല 
കാസർകോട്- കല്യോട്ട് ഇരട്ട കൊലപാതക കേസിൽ അന്വേഷണം പൂർത്തിയാക്കിയ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അതീവ രഹസ്യമാണ്. മറ്റു കേസുകളെ പോലെ ഈ കൊലക്കേസിന്റെ കുറ്റപത്രത്തിലെ വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല. ഇന്നലെ രാവിലെ പത്തരയോടെ  കോടതിയിൽ ഹാജരായി കുറ്റപത്രം സമർപ്പിച്ച ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.എം പ്രദീപും കുറ്റപത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും മാധ്യമങ്ങൾക്ക് നൽകാൻ തയാറായില്ല. പ്രതികളുടെയും സാക്ഷികളുടെയും എണ്ണവും അന്വേഷണ സംഘത്തിന്റെ പേരും വിവരങ്ങളും അടങ്ങുന്ന ചെറിയൊരു വാചകം അടങ്ങുന്ന കുറിപ്പ് മാത്രം നൽകി അദ്ദേഹം മടങ്ങുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ  പരിശോധന പൂർത്തിയാകാത്തതിനാൽ കുറ്റപത്രത്തിലെ ഉള്ളടക്കം പുറത്തു വിടാൻ കോടതി ഉദ്യോഗസ്ഥരും തയാറായില്ല.
 

Latest News