ബിഹാറില്‍ ഒരു ലോഡ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചതായി ആര്‍.ജെ.ഡി

പട്‌ന- ബിഹാറില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍  സൂക്ഷിച്ച സ്‌ട്രോംഗ് റൂമിനു സമീപം ഒരു ലോഡ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടികൂടിയതായി രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു. സ്‌ട്രോംഗ് റൂമുള്ള കമ്പൗണ്ടിലേക്ക് കയറ്റാന്‍ശ്രമിച്ച വാഹനം രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു തടയുകയായിരുന്നു.
ബിഹാറിലെ സാരണ്‍, മഹാരാജ് ഗഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസറുടെ സാന്നിധ്യത്തിലാണ് മിനി ട്രക്കില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്നതെന്ന് ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബി.ഡി.ഒക്ക് കഴിഞ്ഞില്ല.
ഈമാസം 15ന് ഹരിയാനയിലെ ഫത്തേഹ്ബാദ് കോളജിനടുത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ലോറി ഇ.വി.എമ്മുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. കമ്മീഷന്റെ കണക്കില്‍പെട്ട 20 ലക്ഷം വോട്ടുയന്ത്രങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

 

Latest News