Sorry, you need to enable JavaScript to visit this website.

മാണി വിഭാഗം എൻ.ഡി.എയിൽ ചേക്കേറുമോ,  അഭ്യൂഹങ്ങളുമായി രാഷ്ട്രീയ കേന്ദ്രങ്ങൾ

കോട്ടയം - ഭൂരിപക്ഷം ഉറപ്പായ സർവേകൾക്കിടയിലും കേരള കോൺഗ്രസ് എം ഉൾപ്പെടെയുളള യു.പി.എ ഘടകകക്ഷികളെ പാട്ടിലാക്കാൻ ബി.ജെ.പി നേതൃത്വം. ഇതുസംബന്ധിച്ച ചർച്ചകൾ കേരള ബി.ജെ.പി ഘടകത്തിൽ ശക്തമായിട്ടുണ്ട്.
കേരള കോൺഗ്രസിന് ചില നേതാക്കൾ കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. സർവേ ഫലത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം പൂർണമായി വിശ്വസിക്കുന്നില്ലെന്നതിന്റെ സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. സർവേ പാളിയാലും ഭൂരിപക്ഷം ഉറപ്പാക്കാനുളള നീക്കത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. 

ദേശീയ തലത്തിൽ ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡിയെയും കെ.സി.ആറിനെയും ബി.ജെ.പി നേതൃത്വം സമീപിച്ചുകഴിഞ്ഞു. എക്‌സിറ്റ് പോൾ ഫലിച്ചില്ലെങ്കിലും സർക്കാർ രൂപീകരണത്തിനാവശ്യമായ പിന്തുണ സ്വരൂപിക്കുകയാണ് ലക്ഷ്യം. രാജ്യസഭാ എം.പിയുളള കേരള കോൺഗ്രസിനെ സമീപിച്ചതും ഇതേ സാഹചര്യത്തിലാണ്. കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ എല്ലാം പറയുന്നത്. ഇതോടെ പാർലമെന്റിൽ രണ്ട് എം.പിമാരാകും. 

കേരള കോൺഗ്രസിലേക്ക് ബി.ജെ.പിയുടെ വിളിയെത്തിയെന്ന പ്രചാരണത്തിന് പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുമുണ്ട്. 
കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്ന്് പാർട്ടി പൂർണമായി കരുതുന്നില്ലെന്നും ഇതിലൂടെ വ്യക്തം. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി.ജെ.പി നേതാക്കൾ പരസ്യമായി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് ഉറപ്പില്ലെന്നതാണ് സത്യം. അഭിപ്രായ സർവേകളിലും എക്‌സിറ്റ് പോളിലും എൻ.ഡി.എക്ക് തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പക്ഷേ കഴിഞ്ഞ തവണ സംഭവിച്ചതുപോലെ അവസാനലാപ്പിൽ തരൂർ കുതിച്ചുകയറി ജയിച്ചേക്കാമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. 

കേരളത്തിൽ എൻ.ഡി.എയുടെ ഘടകകക്ഷിയായി കേരള കോൺഗ്രസ് ഉണ്ട്. ഈ കേരള കോൺഗ്രസിലെ പി.സി തോമസാണ് കോട്ടയത്ത് സ്ഥാനാർഥി, പക്ഷേ കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിക്ക് വിജയപ്രതീക്ഷയില്ല. ബി.ജെ.പി മുന്നണിയിലേക്ക്് കേരള കോൺഗ്രസിനെ ഇതിനു മുമ്പും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കെ.എം മാണി ചെയർമാനായിരിക്കെ അതിനോട് പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു. പാർട്ടിയിൽ ചെയർമാൻ സ്ഥാനത്തെക്കുറിച്ചുളള വിവാദം നടക്കുന്നതിനിടെയാണ് വീണ്ടും എൻ.ഡി.എ സമീപിച്ചത്്. അത്തരത്തിലുളള സഖ്യത്തിലേക്ക് കേരള കോൺഗ്രസ്് ഇല്ലെന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്്. 

കെ.എം മാണിയുടെ വേർപാടിന് ശേഷം പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ തുടർച്ചയായ പ്രസ്താവനകളിലൂടെ പാർട്ടിയിൽ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ആശാസ്യമല്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഏതെങ്കിലും ഒരു നേതാവിന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാർട്ടിയിൽ ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

Latest News