ജിദ്ദ - പതിനഞ്ചു വയസ് പ്രായമുള്ള ബാലികയെ കഴുത്തറുത്തും ശരീരത്തിൽ കുത്തിപ്പരിക്കേൽപിച്ചും കൊലപ്പെടുത്തുന്നതിന് ശ്രമം. ഗുരുതരാവസ്ഥയിലുള്ള ബാലികയെ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം പിതാവു തന്നെയാണ് വീട്ടിൽ ബാലികയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണ്.
ബാലികയുടെ കഴുത്തിലും ശരീരത്തിലും കുത്തേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള ബാലികയെ പ്രതി തന്നെയാണ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് സംഭവത്തെ കുറിച്ച് പോലീസിൽ അറിയിച്ചത്. പോലീസ് എത്തുന്നത് കണ്ട് പ്രതി ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ബാലികയുടെ ശരീരത്തിൽ നാലു തവണ കുത്തിപ്പരിക്കേൽപിച്ച പ്രതി കഴുത്തറുക്കാനും ശ്രമിക്കുകയായിരുന്നു.