Sorry, you need to enable JavaScript to visit this website.

2004ലെ ഓര്‍മകളില്‍ ആശ്വാസത്തോടെ  കോണ്‍ഗ്രസും പ്രതിപക്ഷവും 

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 2019ല്‍ എന്‍.ഡി.എക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 2014ല്‍ വെറും 44 സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാക്കും. എങ്കിലും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാലും എന്‍.ഡി.എയുടെ അംഗബലം മറികടക്കാനാകില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും യാഥാര്‍ഥ്യത്തില്‍ നിന്നും അകലെയായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു പല തെരഞ്ഞെടുപ്പ് ഫലങ്ങളുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 
1999ലെ പൊതു തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ സീറ്റ് പ്രവചനമാണ് പാളിയത്. ഔട്ട്‌ലുക്ക്, സി.എം.എസ് സര്‍വേകള്‍ മൂന്നാം മുന്നണിക്ക് 39 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ ഇന്ത്യ ടുഡേ ഇന്‍സൈറ്റ് സര്‍വേ 80 സീറ്റും പ്രവചിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ 113 സീറ്റാണ് മൂന്നാം മുന്നണിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ലഭിച്ചതാകട്ടെ 134 സീറ്റുകളും. 296 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചനം നടത്തിയത്. 230 മുതല്‍ 270 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നായിരുന്നു പ്രവചനം. ഔട്ട്‌ലുക്ക് എം.ഡി.ആര്‍.എ ഫലം പ്രവചിച്ചത് എന്‍.ഡി.എക്ക് 290 സീറ്റും യു.പി.എക്ക് 169 സീറ്റുമാണ്. ആജ് തക് ഓര്‍ഗ് മാര്‍ഗ് പ്രവചിച്ചത് എന്‍.ഡി.എക്ക് 248 സീറ്റും യു.പി.എക്ക് 190 സീറ്റുമാണ്. 
എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് എന്‍.ഡി.എ 250 സീറ്റും യു.പി.എ 205 സീറ്റും നേടുമെന്നാണ്. യു.പി.എക്ക് 200ലധികം സീറ്റ് നേട്ടം പ്രവചിച്ചത് ഈ സര്‍വേ മാത്രമായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ 219 സീറ്റുകള്‍ നേടിയ യു.പി.എ മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ എത്തുകയായിരുന്നു. അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് ലഭിച്ചതാകട്ടെ 187 സീറ്റുകള്‍ മാത്രം
 

Latest News