ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പായി കോണ്‍ഗ്രസിനെതിരെ പുതിയ നീക്കവുമായി ബിജെപി രംഗത്ത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും ശക്തി തെളിയിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ബിജെപി കത്തെഴുതി. നീണ്ടകാലത്തെ ബിജെപി ഭരണത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. മായാവതിയുടെ ബിഎസ്പിയുടേയും അഖിലേഷ് യാദവിന്റെ എസ്പിയുടേയും പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരമേറ്റത്. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114ഉം ബജെപിക്ക് 109ഉം സീറ്റുകളുമാണുള്ളത്. രണ്ടു സീറ്റു നേടിയ ബിഎസ്പിയുടേയും ഒരു സീറ്റ് നേടിയ എസ്പിയുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് 116 എന്ന കേവല ഭൂരിപക്ഷം തികച്ചത്.
നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതുകയാണ്. കടം എഴുതിത്തള്ളല്‍, സര്‍ക്കാരിന്റെ ശക്തി പരിശോധിക്കല്‍ തുടങ്ങിയ സുപ്രധാന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്- പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗോപാല്‍ ഭാര്‍ഗവ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ല, എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ട്. അവര്‍ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷവും ഭിന്നിച്ചാണ് നില്‍ക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പു പൂര്‍ത്തിയാകും മുമ്പ് സിന്ധ്യ വിദേശത്തേക്ക്ു പോയിരിക്കുകയാണ്- മുന്‍ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നൂറിലേറെ സീറ്റ് നേടി കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിനു തൊട്ടുപിന്നാലെയാണ് മധ്യപ്രദേശിലെ ഈ നീക്കം. മധ്യപ്രദേശിലും ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം. അതേസമയം ബിജെപി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ബിജെപിയുടെ കത്തിന് എന്തു മറുപടി നല്‍കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്.






