Sorry, you need to enable JavaScript to visit this website.

ഗുണ്ടാ പോരിനിടെ ദല്‍ഹിയില്‍ രണ്ടു കുറ്റവാളികള്‍ കാറിനുള്ളില്‍ വെടിയേറ്റു മരിച്ചു

ന്യൂദല്‍ഹി- വൈരികളായ രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ക്രിമിനല്‍ കേസ് പ്രതികള്‍ വെടിയേറ്റു മരിച്ചു. കൊലപാതകം, പിടിച്ചുപറി, കൊള്ള തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായ പ്രവീണ്‍ ഗെലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സൗത്ത് ദല്‍ഹിയിലെ ദ്വാരക മോഡ് മെട്രോ സ്റ്റേഷനു സമീപം കാറിനുള്ളിലാണ് ഇവര്‍ വെടിയേറ്റു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കമാണ് ഏറ്റുമുട്ടലിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ സഞ്ചരിക്കുകയായിരുന്നു കാറിനെ തടഞ്ഞ് മറ്റൊരു കാറിലെത്തിയ ഗുണ്ടാ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. 15 റൗണ്ട് വെടിവച്ചതായും സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കിയതായും പോലീസ് പറഞ്ഞു. മെട്രോ സ്റ്റേഷനു സമീപത്തുണ്ടായിരുന്ന പോലീസ് സുരക്ഷാ സംഘം സ്ഥലത്ത് കുതിച്ചെത്തി ക്രിമിനലുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. ഈ വെടിവയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കുള്ള രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു. 2018ല്‍ ഹരിയാന പോലീസിന്റെ കസ്റ്റഡില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങിനടക്കുകയായിരുന്നു കൊല്ലപ്പെട്ട വികാസ് ദലാല്‍.
 

Latest News