നജ്‌റാൻ- കഴിഞ്ഞ ദിവസം നജ്‌റാനിലും പരിസര പ്രദേശങ്ങളിലുമായി കനത്തുപെയ്ത മഴ ഇന്നലെയും തുടർന്നു. ആലിപ്പഴ വർഷത്തോടെ പെയ്ത മഴ നജ്‌റാൻ നഗരത്തിലും ശറൂറ, ഖബ്ബാഷ്, ഹബൂന, യദുമ എന്നീ മേഖലകളിലും ബിഅ്ർ അസ്‌കർ, ഖാനിക്ക്, ഹദാദ, ഹുസൈനിയ്യ എന്നീ മർക്കസുകളിലും തകർത്തുപെയ്തു. പ്രദേശങ്ങളിലെ അരുവികളും താഴ്‌വാരങ്ങളിലും വെള്ളം നിറഞ്ഞൊഴുകി.
വിശുദ്ധ റമദാനിൽ ശക്തമായ മഴ ലഭിച്ചത് പ്രദേശവാസികൾക്ക് അനുഗ്രഹമായി മാറി. മഴ ശമിച്ചതിന് ശേഷം കാഴ്ചകൾ ആസ്വദിക്കുന്നതിനും ഒന്നിച്ച് നോമ്പുതുറക്കുന്നതിനും നിരവധി പേരാണ് കുടുംബസമേതം താഴ്‌വാരങ്ങളിലേക്ക് ഒഴുകിയത്.