Sorry, you need to enable JavaScript to visit this website.

സൗദി യുദ്ധത്തിനില്ല, പക്ഷേ, ശക്തമായി  പ്രതിരോധിക്കും- ആദിൽ അൽജുബൈർ

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ റിയാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. 

റിയാദ്- ഗൾഫ് മേഖലയിൽ ഇറാൻ വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സൗദി അറേബ്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ വ്യക്തമാക്കി. അതേസമയം, മറു കക്ഷി യുദ്ധം കൊതിക്കുകയാണെങ്കിൽ അതിശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും. രാജ്യത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും ചെറുക്കുന്നതിന് സൗദി അറേബ്യക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
മേഖലയെ അസ്ഥിരപ്പെടുത്തുന്നതടക്കം എണ്ണമറ്റ പാതകങ്ങളാണ് ഇറാൻ ചെയ്തുകൂട്ടുന്നതെന്ന് വിദേശകാര്യ സഹമന്ത്രി റിയാദിൽ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ ഇത്തരം ചെയ്തികളിൽനിന്ന് തടയാൻ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയും മതവും ചുവപ്പുരേഖയാണ്-- യു.എ.ഇ തീരത്ത് നാലു എണ്ണ കപ്പലുകൾക്കും സൗദിയിൽ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ സൂചിപ്പിച്ച് ആദിൽ ജുബൈർ പറഞ്ഞു. അതേസമയം, തങ്ങൾ ഒരിക്കലും യുദ്ധത്തിന് മുതിരില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഇറാൻ ദേശീയ മാധ്യമമായ ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തെ എതിരിടുന്നതിന് തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവി 'ഇർന' വെളിപ്പെടുത്തി.
ഇറാന്റെ പ്രകോപനപരമായ ഇടപെടൽ കാരണം അറേബ്യൻ ഉൾക്കടലിലും ഏതാനും ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കുമെതിരെ  ഇറാൻ ഏതുസമയവും ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന ആശങ്കകൾക്കിടെയാണ് ഇത്തരമൊരു നടപടി. 
അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളും ഉടമ്പടികളും പാലിക്കാൻ സന്നദ്ധമായി ഇറാൻ ഭരണകൂടത്തിന് യുദ്ധ സാഹചര്യങ്ങളെ ഒഴിവാക്കാമെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ഭീകരസംഘങ്ങളെയും സായുധസംഘങ്ങളെയും സഹായിക്കാതിരിക്കുക, മിസൈൽ--ആണവ പദ്ധതികൾ അടിയന്തിരമായി അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇറാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ എല്ലാസമയത്തും സമാധാനം പുലരുന്നതിന് ഇരുകൈകളും നീട്ടുന്ന നിലപാട് സ്വീകരിക്കുന്ന രാജ്യമാണ്. ഇറാൻ ജനത ഉൾപ്പെടെ, മേഖലയിലെ മുഴുവൻ ജനങ്ങളും സുരക്ഷിതമായും സുസ്ഥിരതമായും ജീവിക്കാൻ കൊതിക്കുന്നവരാണ്. 
സമാധാനത്തിലും സുസ്ഥിരതയിലും ജീവിച്ച്, സൗദി അറേബ്യൻ ജനതയുടെ നാനാ അർഥത്തിലുമുള്ള പുരോഗതിക്ക് ആവിഷ്‌കരിച്ച സമഗ്രസാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ 'വിഷൻ 2030' സാക്ഷാത്കരിക്കുന്നതിനാണ് തങ്ങളുടെ ലക്ഷ്യമെന്നും സൗദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. 
സൗദി അറേബ്യയുടെ സഖ്യകക്ഷികളായ ബഹ്‌റൈൻ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങൾ, ലെബനോനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തികൾ തുടങ്ങിയ ഷിയാ ഭീകരസംഘടനകൾക്ക് തുടർച്ചയായ പിന്തുണ നൽകുന്നതടക്കം ഇറാനെതിരെ നിരവധി തവണ പരാതികൾ ഉന്നയിച്ചിരുന്നു. യെമനിനോട് ചേർന്നുള്ള സൗദി അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് നേരെ ഹൂത്തി മിലീഷ്യകൾ തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. ഹൂത്തികൾ 225 ലേറെ മിസൈലുകളും 145 ൽ അധികം തവണ വ്യോമാക്രമണവും നടത്തിയെന്നാണ് കണക്ക്. ലോക മുസ്‌ലിംകളുടെ ഖിബ്‌ലക്ക് നേരെ പോലും ആക്രമണശ്രമങ്ങളുണ്ടായി. 
തീവ്രവാദികൾക്കും ഭീകരവാദികൾക്കും പിന്തുണ നൽകുന്നത് അവസാനിപ്പിച്ച് ഗൾഫ് രാജ്യങ്ങളുടെ നിലപാടിലേക്ക് മടങ്ങാൻ ആദിൽ ജുബൈൽ ഖത്തറിനോട് ആവശ്യപ്പെട്ടു. ജി.സി.സിയിലെ സഹോദര രാജ്യങ്ങളോട് അനുനയ നിലപാട് സ്വീകരിക്കുന്നതിന് പകരം, ഇറാൻ, തുർക്കി എന്നിവയോട് സഹായമഭ്യർഥിക്കുകയാണ് ഖത്തർ ചെയ്തതെന്നും ആദിൽ ജുബൈർ പറഞ്ഞു. 


 

Latest News