Sorry, you need to enable JavaScript to visit this website.

വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയ വിദേശിയെ നാടുകടത്തും

റിയാദ്- വനിതാജീവനക്കാരോട് മോശമായി പെരുമാറിയ വിദേശ തൊഴിലാളിയെ കരാർ റദ്ദാക്കി നാടുകടത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒരു റീട്ടെയിൽ ഷോപ്പിൽ വനിതാ ജീവനക്കാർക്ക് പണം നൽകുന്നതിനിടെ, വിദേശിയായ മേൽ ഉദ്യോഗസ്ഥൻ ഇവരോട് ജോലി സ്ഥലം വൃത്തിയാക്കാൻ നിർദേശിക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരികളിൽനിന്ന് മൊഴിയെടുത്ത തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപന മേധാവികളിൽനിന്ന് വിശദീകരണം തേടി. ഏതാനും തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി. തൊഴിൽ കരാറിൽ പ്രതിപാദിക്കാത്ത  ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കുന്നതും അവരോട് മാന്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതും തൊഴിൽ നിയമാവലി വിലക്കുന്നു. സംശയാതീതമായി നിയമലംഘനം സ്ഥിരീകരിക്കപ്പെട്ടതിനാൽ വിദേശ തൊഴിലാളിയുമായുള്ള കരാർ റദ്ദാക്കി നാട്ടിലേക്ക് അയക്കുന്നതിന് തൊഴിലുടമക്ക് നിർദേശം നൽകിയതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പഠിച്ചുവരികയാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ടോൾ ഫ്രീ നമ്പറായ 19911 വഴിയോ 'മഅൻ' സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ മുഖേനയോ മന്ത്രാലയ ശാഖകളെ നേരിട്ട് സമീപിച്ചോ വിവരം അറിയിക്കണമെന്ന് തൊഴിൽ മന്ത്രാലയം പൊതുജനങ്ങളോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
 

Latest News