കാഫ് മല കണ്ട പൂങ്കാറ്റെ...

കാലഭേദങ്ങളില്ലാതെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് പി. ടി. അബ്ദുറഹിമാൻ രചിച്ച് പീർ മുഹമ്മദ് ആലപിച്ച കാഫ് മല കണ്ട പൂങ്കാറ്റേ...കാണിക്ക നീ കൊണ്ടുവന്നാട്ടെ... എന്ന പ്രശസ്തമായ ഗാനം..   ഈ പാട്ടിന്റെ പല്ലവികളിൽ ആവർത്തിക്കപ്പെട്ട കാഫ് മല സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശമായ അൽഖുറയാത്ത് പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരത്താണ്. ഇസ്‌ലാമിക ചരിത്രത്തിൽ കാഫ് മലക്കും പരിസര പ്രദേശത്തിനും കാര്യമായ സ്ഥാനങ്ങളൊന്നുമില്ല. 
എങ്കിലും അറബികളുടെ ജീവിതവുമായി ഈ മലക്ക് അനിഷേധ്യമായ ബന്ധമുണ്ടായിരുന്നു. 
സാർത്ഥവാഹക സംഘങ്ങളുടെ ഇടത്താവളമായും വിശ്രമ കേന്ദ്രമായും വിദൂരതയിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ സംഗമ സ്ഥാനമായും ഇത് അറബികളുടെ ജീവിതത്തിൽ സ്ഥാനം പിടിച്ചു. അറേബ്യയിലെ കൂറ്റൻ പർവ്വതങ്ങളിൽ ഒന്നാം സ്ഥാനമായിരിക്കും കാഫ് മലയ്ക്ക്. ഒരു പക്ഷേ ഇതിലും വലിയ മലകൾ ഉണ്ടാകാമെങ്കിലും ആകാരം കൊണ്ട് ചരിത്രത്തിൽ ഇടം നേടിയത് കാഫ് മലയാണ്.  കാഫ് എന്നത് പരിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന 'അസ്ഹാബുൽ കഅ്ഫിന്റെ' പ്രദേശമാണെന്ന് പലരും തെറ്റിദ്ധരിച്ച് ഇവിടെ സന്ദർശിക്കാറുണ്ടെന്ന് അവിടുത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാലത് ജോർദാനിലാണ്. ആധുനിക അറേബ്യ രൂപപ്പെടുന്നതിന് മുമ്പ് മറ്റനേകം നാട്ടുരാജ്യങ്ങളെ പോലെ കാഫും ഒരു നാട്ടുരാജാവിന്റെ കീഴിലായിരുന്നു. ഹിജ്‌റ വർഷം 1338 ൽ ഇവിടെ ഭരിച്ചിരുന്ന നവാഫ് ബ്‌നു ഷഹലാൻ എന്ന നാട്ടുരാജാവ് ആധുനിക അറേബ്യയുടെ പിതാവ് അബ്ദുൽ അസീസ് അൽസൗദ് രാജാവുമായി കരാറിലെത്തുകയും തന്റെ അധികാര പരിധിയിൽ പെട്ട പ്രദേശങ്ങൾ അറേബ്യൻ യൂണിയനിൽ ലയിക്കാൻ സമ്മതം നൽകുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റ മാതൃരാജ്യമായ സിറിയയിലേക്ക് പോയി എന്നാണ് പറയപ്പെടുന്നത്. 
അബ്ദുൽ അസീസ് രാജാവിന്റെ മുമ്പ് അറേബ്യയിലെ മിക്ക പ്രദേശങ്ങളും പോലെ ഓട്ടോമൻ ഭരണാധികാരികൾക്ക് കപ്പം കൊടുത്ത് അവരുടെ സംരക്ഷണയിലായിരുന്നു കാഫ്. 
ഇന്നും പൗരാണിക ജനപഥത്തിന്റെ  തിരുശേഷിപ്പുകളുണ്ട് ഇവിടെ. വ്യവസ്ഥാപിതമായ ഒരു ഭരണകൂടവും അവരുടെ കീഴിൽ പ്രജകളും ജീവിച്ചിരുന്നതിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട് ഇവിടെ. മൺകട്ടകൾ കൊണ്ട് നിർമിച്ച വീടുകളും  കമ്പോള സമാനമായ തെരുവുകളും ഒരു സമൂഹത്തെ കുറിച്ചുള്ള പകിട്ടാർന്ന  ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകും
    ഇന്നിവിടം സൗദി ടൂറിസ്റ്റ് വകുപ്പിന് കീഴിൽ സംരക്ഷിക്കപ്പെടുന്നു. ഭീമൻ മല മുകളിലേക്ക് പോകുന്നതിനായി നടപ്പാത നിർമിച്ചിട്ടുണ്ടെങ്കിലും മല മുകളിലേക്ക് പ്രവേശനമില്ല. മലയ്ക്ക് മുകളിലേക്ക് മുൻ കാലങ്ങളിൽ പ്രവേശനമുണ്ടായിരുന്നു. മലയ്ക്ക് മുകളിൽ മുൻപെന്നോ കെട്ടിയ കൂറ്റൻ കല്ലുകൾ കൊണ്ട് നിർമിച്ച ചുറ്റുമതിലുകൾ കാണാം കാഫ് മലയോടൊപ്പം കാഫ് എന്ന പ്രദേശത്തിനാണ് അറബികൾക്കിടയിൽ പ്രാധാന്യ മർഹിക്കുന്നത്. പൗരാണിക ഭരണാധികാരികളുടെ കൊട്ടാരവും സൈനിക കേന്ദ്രവും ജയിലുകളുമെല്ലാമുണ്ടിവിടെ. പരിമിതമായ ഈ സൗകര്യങ്ങൾ വിരൽ ചൂണ്ടുന്നത് അന്നത്തെ ഭരണകൂടത്തിന്റെ പരിമിതികളിലേക്കാണ്. ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു കാഫ് എന്നാണനുമാനിക്കാവുന്നത്.  ഇന്ന് പഴയ കൊട്ടാരവും പരിസരവും ടൂറിസം വകുപ്പ് സംരക്ഷിക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് ലഘു വിവരങ്ങൾ  നൽകുന്നതിനായി ലഘുലേഖകളും മാപ്പുകളുമുണ്ട് ഇവിടെ. കൂടാതെ പൗരാണികമായ അന്തരീക്ഷത്തിലേക്ക് പരിസരത്തെയും കൊട്ടാരത്തെയും സൗകര്യത്തെയും പുനഃപ്രതിഷ്ഠ നടപടികൾ നടന്നുകൊണ്ടിരുക്കുന്നു.ജോർദാന്റെ അതിർത്തിയിലേക്ക് 40 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശം പഴയകാല കാഫില സംഘങ്ങളുടെ ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കരമാർഗം ഇന്ത്യ മുതൽ  അഫ്ഗാനിസ്ഥാൻ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹിജാസിലേക്കുമുള്ള കവാടവും ഇതു വഴിയായിരുന്നു  സ്വതവേ അൽജൗഫ്  പ്രവിശ്യയിലെ സുലഭമായ ജല ലഭ്യതയും അനുകൂല കാലാവസ്ഥയും ജനവാസത്തിന്  അനുകൂല ഘടകങ്ങളാണല്ലോ.   
ഇന്ന് വിദ്യാർത്ഥികളടക്കം അനേകം പേർ വിവിധ പ്രവിശ്യകളിൽ നിന്നും ഇവിടെ സന്ദർശിക്കാൻ വരാറുണ്ട്. അവർക്കിടയിൽ പൗരാണികതയുടെ ഉണർത്തു പാട്ടുമായി ഉണർന്നിരിക്കുകയാണ് കാഫ് മലയും പരിസരവും. ഭൂമിയെ സ്പർശിക്കാത്ത ആധുനിക ലോകത്തിന് മുമ്പിൽ മണ്ണിലും കുമ്മായത്തിലും പടുത്തുയർത്തിയ ഈ സൗധങ്ങൾ ഇന്നലെകളുടെ കഠിനമായ  യാതനകളുടെ ഓർമ്മപ്പെടുത്തലുകളായി ഉയർന്ന് നിൽക്കുന്നു. വരുംകാല സമൂഹത്തിന് മുമ്പിൽ തങ്ങളുടെ പിൻതലമുറക്കാറുടെ ഇതിഹാസ ജീവിതത്തിന്റ നാഴികക്കല്ലുമായി.  
 

Latest News