Sorry, you need to enable JavaScript to visit this website.

സി.ഒ.ടി നസീറിന് നേരെ വധശ്രമം; പ്രതികൾ സി.സി ടി.വി കാമറയിൽ കുടുങ്ങി

തലശ്ശേരി- വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.അതിനിടെ ഗുരുതരമായി വെട്ടേറ്റ നസീറിനെ ഇന്നലെ കോഴിക്കോട് ബേബി മെമ്മോറിയിൽ ആശുപത്രിയിൽ മണിക്കൂറുകളോളം നീണ്ട അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നസീറിനെ വെട്ടിയ മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തിന് സമീപത്തെ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പോലീസിന് തിരിച്ചറിഞ്ഞു.
സി.പി.എം വിട്ട് സ്വതന്ത്രനായി വടകര മണ്ഡലത്തിൽ മത്സരിച്ചതിന്റെ വൈരാഗ്യത്തിലാണ് തനിക്ക് നേരെ അക്രമം നടന്നതെന്നും പ്രതികൾ സി.പി.എം പ്രവർത്തകരാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നസീർ പോലീസിന് മൊഴി നൽകി. താൻ കായ്യത്തെ വീട്ടിലേക്ക് പോകുന്ന വഴി കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകർ കറുത്ത പൾസർ ബൈക്കിലെത്തിയാണ് അക്രമിച്ചതെന്നും അവരെ കണ്ടാൽ തിരിച്ചറിയാമെന്നും നസീർ മൊഴി നൽകി.
നെഞ്ചിലും വയറിനും കൈക്കും കാലുകൾക്കും ഗുരുതരമായി വെട്ടേറ്റ നസീറിനെ ഇന്നലെ കാലത്ത് മുതൽ കോഴിക്കോട് ബൈബി മെമ്മോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശരീരത്തിലേറ്റ മുറിവുകൾ തുന്നിക്കെട്ടാൻ നിരവധി തുന്നിക്കെട്ടലിടേണ്ടി വന്നതായും കാലിനും മറ്റും ഇരുമ്പ് വടി കൊണ്ടുള്ള അക്രമത്തിൽ എല്ലുകൾ തകർന്നതായും എന്നാൽ അപകട നില തരണം ചെയ്‌തെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ നസീറിനെ ക്രമിക്കുന്ന ദൃശ്യങ്ങൾ തലശ്ശേരി കായ്യത്ത് റോഡിന് സമീപത്തെ കനക് റസിഡൻസിയിലെ സി,സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു. പോലീസ് ഇത് വിശദമായി പരിശോധിച്ച് വരികയാണ്. കള്ളി ഷർട്ടും മുണ്ടും ധരിച്ച് പൾസർ ബൈക്കിലെത്തിയയാളാണ് നസീറിനെ ആദ്യം വെട്ടിയത.് തുടർന്ന് വെട്ടേറ്റ് നിലത്ത് വീണ നസീറിനെ രണ്ടാമൻ ഇരുമ്പ് വടി കൊണ്ട് കാലിനും ശരീരത്തിലും മറ്റും അടിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നതായും പോലീസ് പറഞ്ഞു. മൂന്ന് പേരാണ് പൾസർ ബൈക്കിലെത്തിയിരുന്നത.് ഒരാൾ ബൈക്ക് ഓഫ് ചെയ്യാതെ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു. വെട്ടേറ്റ് വീണ് നസീർ ചോരയിൽ കളിച്ച് കിടന്നതിന് ശേഷം പ്രതികൾ മൂന്ന് പേരും തലശ്ശേരി റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡ് വഴിയാണ് രക്ഷപ്പെട്ടതെന്നും പോലീസ് കണ്ടെത്തി.പ്രതികൾ ഉടൻ വലയിലാകുമെന്ന് തലശ്ശേരി എ.എസ്.പി അരവിന്ദ് സുന്ദർ പറഞ്ഞു.
അക്രമവുമായ് ബന്ധപ്പെട്ട് തലശ്ശേരി പോലീസ് ചിലരെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത വരുന്നതായും ഇത് സംഭവത്തെ വഴിതെറ്റിക്കാനുള്ള നീക്കമാണെന്നും പോലീസ് പറഞ്ഞു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ വൈരാഗ്യത്തിൽ രാജീവൻ എന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് നസീറിനെ വെട്ടിയതെന്ന വാർത്തയാണ് വ്യാജമായി സോഷ്യൽ മീഡികൾ വഴി പ്രചരിപ്പിക്കുന്നത.് സംഭവം വഴിതിരിച്ച് വിടാൻ സി.പി.എം കൊണ്ട് പിടിച്ചശ്രമം ആരംഭിച്ചെന്നും ഇതാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.
മുൻ സി.പി.എം ലോക്കൽ കമ്മറ്റിയംഗവും തലശ്ശേരി നഗരസഭയിലെ സി.പി.എം കൗൺസിലറുമായിരുന്ന നസീറിന് നേരെ വോട്ടെണ്ണലിന് ശേഷം അക്രമം നടക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയെങ്കിലും പോലീസ് അത് ഗൗരവമായി കണ്ടില്ലെന്ന പരാതിയുണ്ട.് വോട്ടെണ്ണലിന് ശേഷം നസീറിന് നേരെ അക്രമം നടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം  നൽകിയ കാര്യം കഴിഞ്ഞ ദിവസം  മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.നസീറിന് നേരെ നടന്ന വധശ്രമത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. യു.ഡി.എഫ്, ബി.ജെ.പി. എ.എ.പി തുടങ്ങിയ രാഷട്രീയ സംഘടനകളും സാമൂഹ്യ പ്രവർത്തകരും ഈ സംഭവത്തിൽ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി.
 

Latest News