'പണം തന്ന് വിരലില്‍ മഷി പുരട്ടി'; ബിജെപി വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുപിയിലെ ഗ്രാമീണര്‍

ബിജെപി പ്രവര്‍ത്തകര്‍ രാത്രി എത്തി മഷിപുരട്ടിയ വിരലുകള്‍ വോട്ടര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്നു

ലഖ്‌നൗ- 500 രൂപ വീതം നല്‍കുകയും വിരലില്‍ മഷി പുരട്ടുകയും ചെയ്ത് ദളിത്്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരെ  ബിജെപി പ്രവര്‍ത്തകര്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. അവസാന ഘട്ട വോട്ടെടുപ്പില്‍ പോളിങ് നടക്കുന്ന യുപിയിലെ ചന്ദോളി ലോക്‌സഭാ മണ്ഡലത്തിലെ താരജീവന്‍പൂര്‍ ഗ്രാമീണരാണ് പരാതിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച രാത്രി ബിജെപി പ്രവര്‍ത്തകര്‍ ഇവരുടെ വീടുകളിലെത്ത് 500 രൂപ വിതരണം ചെയ്യുകയും വോട്ടു രേഖപ്പെടുത്തുന്ന വിരലില്‍ മഷി പുരട്ടുകയുമായിരുന്നെന്ന് ഗ്രാമീണര്‍ ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ പോലീസിനെ സമീപിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെ ബിജെപി പ്രവര്‍ത്തകരെത്തി പണം വിതരണം ചെയ്യുകയും വോട്ടു ചെയ്യരുതെന്ന് ഗ്രാമീണരോട് ആവശ്യപ്പെടുകയും ചെയ്തായി വിവരം ലഭിച്ചിട്ടുണ്ട്. വോട്ടു രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന മായാത്ത മഷി ഇവര്‍ വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടിയതായും വിവരം ലഭിച്ചുവെന്ന് എസ്ഡിഎം കുമാര്‍ ഹര്‍ഷ് പറഞ്ഞു. ആരോപണം ഉന്നയിച്ച വോട്ടര്‍മാര്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി എഴുതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസെടുത്ത് സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി പ്രവര്‍ത്തകരായ ഡിംപ്ള്‍ തിവാരി, ഛോട്ടെ തിവാരി, കട്വാരു തിവാരി എന്നിവര്‍ ചുറ്റിക്കറങ്ങി വോട്ടര്‍മാര്‍ക്ക് 500 രൂപ വീതം നല്‍കി വോട്ടു ചെയ്യരുത് ആവശ്യപ്പെടുന്നത് രാത്രി കണ്ടതായി ഗ്രാമവാസിയായ വിരേന്ദ്ര കുമാര്‍ പറഞ്ഞു. വോട്ടു ചെയ്‌തോ എന്നാരെങ്കിലും ചോദിച്ചാല്‍ കയ്യില്‍ പുരട്ടിയ മഷി കാണിച്ചാല്‍ മതിയെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞതായി മറ്റൊരു വോട്ടര്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥിന്റെ നിര്‍ദേശ പ്രകാരമാണ് പലയിടത്തും ഈ പണം വിതരണവും മഷിപുരട്ടലുമെന്ന് എസ്പി സ്ഥാനാര്‍ത്ഥി സഞ്ജയ് ചൗഹാന്‍ ആരോപിച്ചു.
 

Latest News