ക്യാപ്റ്റന്‍ അമരീന്ദര്‍ മാറേണ്ടി വരും; ആക്രമണം ശക്തമാക്കി സിദ്ദുവും ഭാര്യയും

അമൃത്സര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രി സിദ്ദുവിന്റെ ഭാര്യയുമായ നവ്‌ജോത് കൗര്‍ സിദ്ദു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന മന്ത്രി കൂടിയായ  സിദ്ദുവും പരോക്ഷ വിമര്‍ശം കടുപ്പിച്ചിരിക്കയാണ്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റാനാണ് നവ്‌ജോത് സിംഗ് സിദ്ദു ശ്രമിക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുമായി സിദ്ദുവിന്റെ ഭാര്യയും രംഗത്തുവന്നത്.
ചെറുപ്പം മുതലേ സിദ്ദുവിനെ അറിയാം. എല്ലാവര്‍ക്കും ഒരോ മോഹം കാണും. എന്നെ മാറ്റി മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ആഗ്രഹം കൊള്ളാമെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്ന് അതു പറയാന്‍ പാടുണ്ടോ. പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നേതാക്കള്‍ക്കുമല്ലേ അതിന്റെ ആഘാതം- അമരീന്ദര്‍ സിംഗ് ചോദിച്ചു.
അച്ചടക്കം ലംഘിക്കുന്ന സിദ്ദുവിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിനുശേഷം നടപടിയുണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടാല്‍ അമരീന്ദര്‍ സിംഗിന് മാറാതെ നിര്‍വാഹമില്ലെന്നാണ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗറിന്റെ പ്രസ്താവന. എം.എല്‍.എമാരില്‍നിന്നും എം.പിമാരില്‍നിന്നും തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന് താന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ല. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതിനര്‍ഥം ജനങ്ങള്‍ അമീരന്ദര്‍ സിംഗ് നയിക്കുന്ന സര്‍ക്കാരില്‍ തൃപ്തരല്ലെന്നാണ്. അമരീന്ദര്‍ സിംഗ് രാജിവെക്കുക തന്നെ വേണം-അവര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പഞ്ചാബില്‍ മികച്ചപ്രകടനം കാഴ്ച വെക്കാനായില്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

 

 

Latest News