കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ സൈനികനെ കൊലപ്പെടുത്തിയ ശൗക്കത്ത് ദറും

ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവാന്തിപ്പുരയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരന്‍ ഇതില്‍ ഉള്‍പ്പെടുമെന്നും പോലീസ് പറഞ്ഞു. ശൗക്കത്ത് ദര്‍, ഇര്‍ഫാന്‍ വാസ്, മുസഫര്‍ ഷെയ്ക്ക് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചിലിനെത്തിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തവരാണെന്ന് പോലീസ് വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൈനികന്‍ ഔറംഗസേബിനെ കൊലപ്പെടുത്തിയത് ശൗക്കത്ത് ദര്‍ ഉള്‍പ്പെട്ട ഭീകരരുടെ സംഘമാണ്. പോലീസുകാരന്‍ ആഖിബ് അഹമദ് വഗേയെ കൊലപ്പെടുത്തിയതിലും ഇവര്‍ക്ക് പങ്കുണ്ട്.
പുല്‍വാമ ജില്ലയില്‍ തന്നെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ജവാനും ഒരു സിവിലിയനും ഏറ്റുമുട്ടലിനിടെ ജീവന്‍ നഷ്ടപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡോളിപൊര ഗ്രാമത്തില്‍ വ്യാഴാഴ്ച അതിരാവിലെയായിരുന്നു ഏറ്റുമുട്ടല്‍.  

 

Latest News