ബി.ജെ.പി എന്റെ ജീവനെടുക്കും; ഇന്ദിരയെപ്പോലെ വധിക്കപ്പെടാം -കെജ്‌രിവാള്‍

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകനാല്‍ വധിക്കപ്പെട്ടതു പോലെ താനും വധിക്കപ്പെടാമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി എന്റെ ജീവനെടുക്കാന്‍ കാത്ത#ിരിക്കുകയാണെന്നും ഒരു ദിവസം അവര്‍ തന്നെ കൊല്ലുമെന്നും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കെജ്‌രിവാള്‍ പറഞ്ഞു. എന്റെ സ്വന്തം സെക്യൂരിറ്റി ഓഫീസറെ ഉപയോഗപ്പെടുത്തിയായിരിക്കും ബി.ജെ.പി തന്നെ കൊലപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യം ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഒരാള്‍ വാഹനത്തില്‍ കയറി കെജ്‌രിവാളിന്റെ കരണത്തടിച്ചിരുന്നു. അതൃപ്തിയുള്ള ആം ആദ്മി പ്രവര്‍ത്തകനാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറഞ്ഞത്.
ഞാന്‍ കൊല ചെയ്യപ്പെട്ടേക്കാം, അപ്പോള്‍ പോലീസ് പറയും നിരാശ പൂണ്ട പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന്. എന്താണ് ഇതിന്റെ അര്‍ഥം. ഒരു ബി.ജെ.പി പ്രവര്‍ത്തകന് മോഡിയോട് ദേഷ്യമുണ്ടെങ്കില്‍ അയാള്‍ മോഡിയെ ആക്രമിക്കുമെന്നാണോ -കെജ്്‌രിവാള്‍ ചോദിച്ചു.
തങ്ങളുടെ സുരക്ഷാ വിഭാഗം പ്രൊഫഷണലാണെന്നും പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരാണ് അതിലുള്ളതെന്നും ദല്‍ഹി പോലീസ് പ്രതികരിച്ചു. എല്ലാ പാര്‍ട്ടികളിലേയും പ്രമുഖര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും കെജ്‌രിവാളിന്റെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ ടീം തങ്ങളുടെ ജോലിയോട് ഏറെ പ്രതിബദ്ധതയുള്ളവരാണെന്നും ദല്‍ഹി പോലീസ് അഡീഷണല്‍ പി.ആര്‍.ഒ അനില്‍ മിത്തല്‍ പറഞ്ഞു.

 

Latest News