Sorry, you need to enable JavaScript to visit this website.

വിവാഹ മോചനത്തിന് സഹായം തേടി 19കാരി അമ്മ; പബ്ജി പങ്കാളിക്കൊപ്പം ജീവിക്കാന്‍ വിടണമെന്ന്

അഹമദാബാദ്- ഗുജറാത്തില്‍ കൗമാര പ്രായക്കാരിയായ ഒരു അമ്മ വിവാഹ മോചനത്തിന് സഹായം തേടി സമീപിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി തന്നോടൊപ്പം കളിക്കുന്ന യുവാവിനൊപ്പം ജീവിക്കാനാണ് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി അഹമദാബാദ് സ്വദേശിയായ 19കാരി പെണ്‍കുട്ടി അഭയം 181 ഹെല്‍പ്‌ലൈനിലേക്ക് വിളിച്ചത്. നിരന്തരം യുവാവിനൊപ്പം ചേര്‍ന്ന് പബ്ജി കളിച്ചാണ് പെണ്‍കുട്ടി അടുപ്പത്തിലായത്. പബ്ജി അടിമയാണീ കുട്ടി. വിളി ലഭിച്ചതിനെ തുടര്‍ന്ന് അഭയം 181 സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചു. ഏറെ സമയവും മൊബൈലില്‍ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ പ്രധാന വിനോദമെന്നും ഇതിനെ ചൊല്ലി വീട്ടുകാരുമായി ഉടക്കിലാണെന്നും കണ്ടെത്തി.

മക്കളുടെ പബ്ജി അടിമത്തത്തിനു പരിഹാരം തേടി അമ്മമാര്‍ അഭയം ഹെല്‍പ് ലൈനിലേക്ക് വിളിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു അമ്മ പബ്ജി കളിക്കാരനൊപ്പം ജീവിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്ന് അഭയം പ്രൊജക്ട് മേധാവി നരേന്ദ്രസിന്‍ഹ് ഗോഹില്‍ പറഞ്ഞു. അഭയം കൗണ്‍സിലറായ സൊനാല്‍ സഗാത്തിയ പെണ്‍കുട്ടിയെ വീട്ടിലെത്തി കാണുകയും സംസാരിക്കുകയും ചെയ്തു. തീരുമാനം പുനപ്പരിശോധിക്കണമെന്നു നിര്‍ദേശിച്ചു. അഹമദാബാദിലെ ഒരു റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ കഴിയാമെന്ന് പറഞ്ഞെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അവിടെ വിലക്കുള്ളതിനാല്‍ അങ്ങോട്ടില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി- സൊനാല്‍ പറഞ്ഞു. ചിന്തിക്കാന്‍ സമയം വേണെന്നും സഹായം വേണ്ടി വന്നാല്‍ വീണ്ടും വിളിക്കാമെന്നും പെണ്‍കുട്ടി കൗണ്‍സിലര്‍ക്ക് വാക്കുകൊടുത്തിട്ടുണ്ട്. 


 

Latest News