Sorry, you need to enable JavaScript to visit this website.

അൽകോബാർ ആക്രമണത്തിൽ ഖത്തറിന് പങ്ക് -അൽദഹ്‌നീം

റിയാദ് - അൽകോബാറിൽ അമേരിക്കൻ സൈനികർ തങ്ങിയ കോംപൗണ്ടിനു നേരെയുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തിൽ ഖത്തറിന് പങ്കുള്ളതായി ഖത്തർ പ്രതിപക്ഷ നേതാവും ഖത്തർ ഇന്റലിജൻസ് മുൻ ഉദ്യോഗസ്ഥനുമായ അലി അബ്ദുല്ല അൽദഹ്‌നീം പറഞ്ഞു. ഖത്തർ, ഇറാൻ ഏകോപനത്തോടെയാണ് അൽകോബാർ ആക്രമണം നടന്നത്. ആക്രമണം നടത്തിയ ഭീകരരെ റിക്രൂട്ട് ചെയ്തത് ഖത്തറായിരുന്നു. ഖത്തറാണ് ഇവരെ ഇറാനിലേക്ക് അയച്ചത്. വർഷങ്ങൾക്കു മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ വധിക്കുന്നതിന് അൽഖാഇദ നടത്തിയ ശ്രമത്തിനു പിന്നിൽ മുൻ യെമൻ പ്രസിഡന്റ് അലി സ്വാലിഹിനും പുത്രൻ അഹ്മദിനും ഖത്തർ ഇന്റലിജൻസ് മേധാവി നാസിർ ഗാനിം അൽഅലി അൽമആദീദിനും പങ്കുണ്ട്. സിറിയ, ഖത്തർ, ഇസ്രായിൽ ഇന്റലിജൻസുകൾ ഏകോപനത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഹമാസ് നേതാവ് ഇമാദ് മുഗ്‌നിയയെ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടത്. ഈ ഓപ്പറേഷന് 150 കോടി ഡോളർ ചെലവ് വന്നു. സിറിയൻ ഇന്റലിജൻസ് മേധാവി ആസിഫ് ഷൗക്കത്തിന്റെ പേരിൽ സ്വിറ്റ്‌സർലാന്റിലുള്ള അക്കൗണ്ടിലാണ് ഈ പണം നിക്ഷേപിച്ചത്. 
മുഴുവൻ അറബ് രാജ്യങ്ങളിലും മുസ്‌ലിം ബ്രദർഹുഡിനെ നിയന്ത്രിക്കുന്നത് ഖത്തറാണ്. മുസ്‌ലിം ബ്രദർഹുഡിനു കീഴിലെ സംഘടനകൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണ നൽകുന്നതും ഖത്തറാണ്. 
1996 ൽ ഖത്തർ അമീറിന്റെ സ്വകാര്യ വിമാനം സുഡാനിലേക്ക് അയച്ചാണ് ഉസാമ ബിൻ ലാദിനെ ഖത്തറിലെത്തിച്ചത്. ഉസാമ ബിൻ ലാദിനെ കൊണ്ടുവരാൻ പോയ വിമാനത്തിൽ ഖത്തർ ആഭ്യന്തര മന്ത്രി അബ്ദുല്ല ബിൻ ഖാലിദ് അൽഥാനിയുമുണ്ടായിരുന്നു. ഖത്തറിൽ നിന്ന് ഇറാനിലും പിന്നീട് അഫ്ഗാനിലും ഉസാമ ബിൻ ലാദിനെ എത്തിച്ചത് ഖത്തറായിരുന്നു. ദോഹ എയർപോർട്ടിൽ വെച്ച് ഖത്തർ അമീർ ഹമദ് ബിൻ ഖലീഫയും വിദേശ മന്ത്രി ശൈഖ് ഹമദ് ബിൻ ജാസിമും ആഭ്യന്തര മന്ത്രിയും മൂന്നു മണിക്കൂറോളം ഉസാമ ബിൻ ലാദിനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി. ഇവിടെ വെച്ച് ഭീമമായ പണവും ഭാരം കുറഞ്ഞ ആധുനിക അമേരിക്കൻ ആയുധങ്ങളും ഖത്തർ അമീർ ഉസാമ ബിൻ ലാദിന് സമ്മാനിച്ചു. അൽഖാഇദ ഭീകരപ്രവർത്തനങ്ങളുടെ തുടക്കം ഇതായിരുന്നു. 
യൂസുഫ് അൽഖറദാവിക്ക് 300 കോടി റിയാലിന്റെ റിയൽ എസ്‌റ്റേറ്റ് സമ്പത്ത് മാത്രമുണ്ട്. അൾജീരിയ മുതൽ തുർക്കി വരെയും ജോർദാൻ മുതൽ ഗാസ വരെയും ബ്രദർഹുഡുകാർക്ക് ഖറദാവി പണം എത്തിക്കുന്നുണ്ട്. കൃത്യനിർവഹണത്തിൽ മികവ് പുലർത്തിയ താൻ നിരവധി രഹസ്യങ്ങൾ അറിഞ്ഞിരുന്നു. ഇത് ഖത്തർ ഇന്റലിജൻസ് മേധാവി ഹസൻ ബിൻ അബ്ദുല്ല അൽഥാനിയെ രോഷാകുലനാക്കി. തുടർന്ന് തനിക്കെതിരെ മയക്കുമരുന്ന് ആരോപണം കെട്ടിച്ചമച്ച് തന്നെ ജയിലിലടക്കുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് ജയിൽ മോചിതായ താൻ പ്രതിപക്ഷ പ്രവർത്തനായി മാറുകയായിരുന്നെന്നും അലി അബ്ദുല്ല അൽദഹ്‌നീം പറഞ്ഞു. 


 

Latest News