അടുത്ത തവണയെങ്കിലും ഉത്തരം പറയാൻ ഷാ അങ്ങയെ അനുവദിക്കുമായിരിക്കും -രാഹുൽ 

ന്യൂദൽഹി- മോഡിക്ക് അഭിനന്ദനങ്ങൾ. ഗംഭീര പത്രസമ്മേളനം. പത്രസമ്മേളനം നടത്തൂവെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നതിന്റെ പകുതി വഴിയിൽ താങ്കൾ എത്തിയിരിക്കുന്നു. അടുത്ത തവണ എന്തായാലും രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറയാൻ അമിത് ഷാ നിങ്ങളെ അനുവദിക്കുമായിരിക്കും- മോഡിയെ ട്രോളി രാഹുൽ ഗാന്ധി. പത്രസമ്മേളനത്തിനെത്തിയ മോഡി ചോദ്യങ്ങൾക്കുത്തരം നൽകാത്തതിനോട് പ്രതികരിക്കവെയാണ് രാഹുൽ ഇങ്ങിനെ പറഞ്ഞത്. 

റഫാൽ കേസിൽ മോഡി ഉത്തരം തരാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോഡിയുടെയും അമിത് ഷായുടെയും പത്രസമ്മേളനം നടന്നുകൊണ്ടിരിക്കേയായിരുന്നു രാഹുലിന്റെയും പത്രസമ്മേളനം. അനിൽ അംബാനിക്ക് രാജ്യത്തിന്റെ 3000 കോടി രൂപ എന്തിന് നൽകിയെന്ന ചോദ്യത്തിന് ഉത്തരം പറയണം. താങ്കൾ എന്തുകൊണ്ടാണ് എന്നോട് ചർച്ചക്ക് വരാത്തതെന്ന് മാധ്യമ പ്രവർത്തകരോട് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 
മോഡി എന്തുകൊണ്ടാണ് റഫാൽ വിഷയത്തിൽ പേടിക്കുന്നത്. മോഡിയുടേത് ഹിംസയുടെ തത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പക്കൽ അളവറ്റ പണവും ടി.വിയും മാർക്കറ്റിംഗും ഉണ്ടായിരുന്നു. സത്യം മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അന്തിമ ഫലത്തിൽ സത്യം ജയിക്കുമെന്നും രാഹുൽ പറഞ്ഞു. 

Latest News