മോഡി വന്നു, കണ്ടു, മിണ്ടാതെ മടങ്ങി

ന്യൂദൽഹി- പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ആദ്യമായി നരേന്ദ്ര മോഡി പത്രസമ്മേളന വേദിയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ പത്രലേഖകരുടെ ഒരു ചോദ്യത്തിന് പോലും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. മുഴുവൻ ചോദ്യങ്ങൾക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് മറുപടി പറഞ്ഞത്. പാർട്ടി അധ്യക്ഷന്റെ വാർത്താ സമ്മേളനമാണിതെന്നും അച്ചടക്കം പുലർത്തുന്ന പാർട്ടിയായ ബി.ജെ.പിയിലെ അച്ചടക്കമുള്ള പ്രവർത്തകനാണ് താനെന്നും വ്യക്തമാക്കിയ മോഡി ചോദ്യങ്ങളെല്ലാം അമിത് ഷായ്ക്ക് നേരെ തിരിച്ചുവിട്ടു. എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി തന്നെ ഉത്തരം പറയേണ്ടതില്ലെന്ന് അമിത് ഷായും പ്രതികരിച്ചു. ഇതോടെ ആദ്യമായി പത്രസമ്മേളനത്തിനെത്തിയ മോഡി ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മടങ്ങി.
പത്രസമ്മേളനം നടത്താൻ മോഡിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം പതിവായി വെല്ലുവിളിക്കുന്നതിനിടെയാണ് ബി.ജെ.പി അധ്യക്ഷനൊപ്പം പ്രധാനമന്ത്രി പത്രസമ്മേളനത്തിനെത്തിയത്. ഒരു ചോദ്യവും നേരിടാതെ മോഡി മടങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനമുയർന്നു. അമിത് ഷായുടെ പ്രാരംഭ വിശദീകരണത്തിന് ശേഷം മോഡിയും ഏതാനും വാക്കുകൾ പറഞ്ഞെങ്കിലും  മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിന് പോലും മോഡി ഉത്തരം നൽകിയില്ല.  
കേവല ഭൂരിപക്ഷം നേടി എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന് നരേന്ദ്ര മോഡി പറഞ്ഞു. ഞാനിവിടെ വന്നത് നന്ദി പറയാനാണ്. 2014 മെയ് 17 ന് അധികാര മോഹികൾക്ക് വലിയ നഷ്ടമുണ്ടായി. നീതിപൂർവകമായ ഭരണം അന്ന് തുടങ്ങി. ശക്തമായ സർക്കാരിന് വേണ്ടിയുള്ള ഫലമാണ് മെയ് 23 ന് വരാൻ പോകുന്നത്. 2014 നേക്കാൾ ഭൂരിപക്ഷം ലഭിക്കും. തുടർച്ചയായി വീണ്ടും ഞങ്ങളുടെ സർക്കാർ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ പോകുന്നു. കാലങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഒരു കാര്യം നമുക്ക് അഭിമാനത്തോടെ ലോകത്തോട് പറയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നമ്മുടേതാണ്. സമൂഹ മാധ്യമങ്ങൾ കൂടിയുള്ളതിനാൽ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇരട്ടി ഉത്തരവാദിത്തമാണ് ഇന്ന് ആവശ്യപ്പെടുന്നത്. ഒരു കുടുംബത്തിന്റെയും പിൻബലമില്ലാതെ 2014 ൽ സർക്കാരുണ്ടാക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ആ അവസരം 2019 ൽ വീണ്ടും ലഭിക്കുകയാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള നിരവധി കാര്യങ്ങൾ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. അത് ഓരോന്നായി പ്രാവർത്തികമാക്കും. എല്ലാ ഉയർച്ച താഴ്ചകളിലും രാജ്യം എന്നും എനിക്കൊപ്പം നിന്നു. അവസാനത്തെയാളിലും സേവനമെത്തിക്കാൻ കഴിഞ്ഞു. ഐ.പി.എല്ലും റമദാനും പരീക്ഷയും തെരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നു. ഇത് ഇന്ത്യയിലെ പുതിയ സംസ്‌കാരമാണ്. ഇതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ശക്തി -മോഡി പറഞ്ഞു.
അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയായിരുന്നു മോഡിയുടെ ആദ്യ വാർത്താസമ്മേളനം. 
മുന്നൂറിലധികം സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അമിത് ഷാ പറഞ്ഞു. മോഡി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു അമിത് ഷാ സംസാരിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി 133 ഓളം പദ്ധതികളാണ് സർക്കാർ രൂപീകരിച്ചത്. മേരെ ബൂത്ത് സബ്‌സെ മസ്ബൂത്ത് കാമ്പയിനിലൂടെ ഓരോ പാർട്ടി പ്രവർത്തകനിലും എത്താനായി. വിലക്കയറ്റം, അഴിമതി എന്നിവ പ്രചാരണത്തിൽ വിഷയമായില്ലെന്നും എൻ.ഡി.എ സർക്കാർ രൂപീകരിച്ചാലും സമാന മനസ്സുള്ള പാർട്ടികൾക്കായി വാതിൽ തുറന്നിടുമെന്നും അമിത് ഷാ പറഞ്ഞു.
മമതാ ബാനർജിക്കെതിരെയും അമിത് ഷാ രംഗത്തെത്തി. ബി.ജെ.പി അക്രമം പടർത്തുന്നുവെന്ന് പറയാൻ മമത ബാനർജിക്ക് എന്ത് തെളിവാണുള്ളത്. ഞങ്ങളുടെ 80 പ്രവർത്തകർ കൊല്ലപ്പെട്ടു. എന്ത് ഉത്തരമാണ് മമതയ്ക്ക് പറയാനുള്ളത്.
ഗാന്ധി ഘാതകനായ ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വിളിച്ച പ്രജ്ഞാസിംഗ് താക്കൂറിനോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ചാൽ അച്ചടക്ക സമിതി തുടർനടപടി തീരുമാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.


 

Latest News