കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ 747 വലിയ ജംബോ വിമാനം സർവീസിനെത്തുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാലുടൻ എയർ ഇന്ത്യയുടെ സർവീസ് പ്രഖ്യാപനമുണ്ടാകും. ജിദ്ദയിലേക്കുളള വിമാന സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മെയ് മൂന്നിന് സർവീസ് ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളാൽ നടന്നില്ല.
എയർപോർട്ട് അഥോറിറ്റിയും എയർ ഇന്ത്യയും സംയുക്തമായി തയാറാക്കി ഡി.ജി.സി.എക്ക് കൈമാറിയ പഠന റിപ്പോർട്ടിലാണ് നിലവിൽ അനുകൂലമായ നടപടികളുണ്ടായത്. കോഡ് ഇ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ എന്നീ വിമാനങ്ങളുടെ റിപ്പോർട്ടാണ് നൽകിയത്. എയർ ഇന്ത്യ അധികൃതർ കരിപ്പൂരിലെത്തി സുരക്ഷാ പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സാധ്യതാ പഠന റിപ്പോർട്ട് നൽകിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ സർവീസുകളും അനിശ്ചിതത്വത്തിലായി. എന്നാൽ ജംബോ സർവീസിനടക്കം കരിപ്പൂർ പ്രാപ്തമെന്നാണ് പുതിയ വിലയിരുത്തൽ. ജിദ്ദ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർ ഇന്ത്യ സംഘം വീണ്ടും കരിപ്പൂരിലെത്തും. പുതിയ സർവീസ് പ്രഖ്യാപനം രണ്ടാഴ്ചക്കകം ഉണ്ടാകും. 2015 ൽ റൺവേ അറ്റകുറ്റപ്പണികൾക്കായാണ് ജംബോ സർവീസ് നിർത്തിലാക്കിയത്.






