മോഡിയുടേത് മുതലക്കണ്ണീര്‍- ദിഗ് വിജയ് സിംഗ് 

ഭോപാല്‍-പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രജ്ഞാ സിംഗിനെ ഭോപ്പാലില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാക്കിയത് മോഡിയാണ്. മോദിയുടെ മുതലക്കണ്ണീര്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും റദ്ദാക്കണമെന്നും മഹാത്മാ ഗാന്ധിക്കെതിരെ സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും വോട്ടവകാശം റദ്ദാക്കണമെന്നും ദിഗ് വിജയ് സിംഗ്  ആവശ്യപ്പെട്ടു.
പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിജിയെ അപമാനിച്ചതിന് മാപ്പ് നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പ്രതികരിച്ചിരുന്നു. പ്രജ്ഞയുടെ വാക്കുകള്‍ അതിദാരുണമെന്ന് മോഡി പറഞ്ഞു.
ഗോഡ്‌സേ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രജ്ഞാസിംഗിന്റെ വിവാദ പരാമര്‍ശം. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. 

Latest News