എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: പ്രതിപക്ഷത്തിന് അതൃപ്തി

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഇന്നലെ ദല്‍ഹിയിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ലഭിച്ച സ്വീകരണം.

ന്യുഡല്‍ഹി- ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയിച്ചതെന്ന് കോണ്‍ഗ്രസ്. കോവിന്ദിനെ അനുകൂലിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളാരും തയാറായിട്ടില്ല. ആര്‍ എസ് എസ് അജന്‍ഡയാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് സിപിഎം പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 

അതേസമയം, ബിജെപി തീരുമാനം ഏകപക്ഷീയമായിരുന്നെന്നും തങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കുമെന്നും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന ശിവസേന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മന്‍മോഹന്‍ സിംഗുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

Latest News