മമതയ്ക്ക് തിരിച്ചടി; വിശ്വസ്തന്റെ അറസ്റ്റ് വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂദല്‍ഹി- ശാരദ ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. സി.ബി.ഐ അറസ്റ്റില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഏഴു ദിവസം സമയം അനുവദിച്ചു. ഏഴു ദിവസത്തിനു ശേഷം ആവശ്യമെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി സി.ബി.ഐയെ അറിയിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് രാജീവ് കുമാറിന്റെ നീക്കം.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന സമയത്ത് തെളിവു നശിപ്പിച്ചെന്ന കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ ഫെബ്രുവരി അഞ്ചിലെ ഉത്തരവു റദ്ദാക്കണമെന്നും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. ശാരദ കേസിനു പുറമേ റോസ് വാലി കേസിലും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രണ്ടു കേസുകളിലെയും ഗൂഢാലോചനയുടെ ചുരുള്‍ അഴിയണമെങ്കില്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ കിട്ടണമെന്നുമാണ്് സിബിഐ വാദിച്ചത്.

2000 കോടി രൂപയുടെ ശാരദ ചിട്ടി കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു മുമ്പ് അന്വേഷണം നടത്തിയ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘത്തത്തിന് നേതൃത്വം നല്‍കിയിരുന്നത്  രാജീവ് കുമാറായിരുന്നു. ഉന്നതരെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സി.ബി.ഐ ചോദ്യം ചെയ്തതിനു പിന്നാലെ രാജീവ് കുമാറിനെ സി.ഐ.ഡി എഡിജിപി സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

 

Latest News