മാക്‌സ് വിമാനങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം; മാറ്റങ്ങള്‍ പൂര്‍ത്തിയായെന്ന് ബോയിംഗ്

വാഷിംഗ്ടണ്‍- അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന 737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് പൂര്‍ത്തിയായതായി ബോയിംഗ് കമ്പനി അറിയിച്ചു. അപ്‌ഡേറ്റിനു ശേഷം മാക്‌സ് വിമാനങ്ങള്‍ 207 തവണ പറന്നുവെന്നും അമേരിക്കന്‍ കമ്പനിയായ ബോയിംഗ് വെളിപ്പെടുത്തി. വ്യത്യസ്ത സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ എങ്ങനെയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതെന്നും ആശയ വിനിമയം നടത്തിയതെന്നും സംബന്ധിച്ച വിവരങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു. അടുത്തയാഴ്ചയോടെ അപ്‌ഗ്രേഡ് സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് നേടുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ 157 യാത്രക്കാരുടെ ജീവനെടുത്ത എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തെ തുടര്‍ന്നാണ് മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ഇന്തോനേഷ്യയില്‍ 189 പേരുടെ ജീവനെടുത്ത അപകടത്തിലും മാക്‌സ് വിമാനമായിരുന്നു വില്ലന്‍.
രണ്ട് അപകടങ്ങള്‍ക്കും കാരണം ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് വിമാനങ്ങളിലെ ഓഗ് മെന്‍ഷേന്‍ സംവിധാനമാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയത്.

 

Latest News