Sorry, you need to enable JavaScript to visit this website.

കന്യകാത്വ പരിശോധനയെ എതിര്‍ത്ത ദമ്പതികള്‍ക്ക് മഹാരാഷ്ട്രയില്‍ സമുദായ വിലക്ക്

മുംബൈ- വിവാഹത്തിനു മുന്‍പ് സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കുന്ന മഹാരാഷ്ട്രയിലെ കഞ്ജര്‍ഭട്ട് സമുദായക്കാരുടെ അനാചാരത്തിനെതിരെ ശബ്ദിച്ച ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തി. താനെ ജില്ലയിലെ അംബര്‍നാഥ് സ്വദേശികളായ വിവേക്, ഐശ്വര്യ തമ്യായ്ചിക്കര്‍ ദമ്പതികള്‍ക്കാണ് നിയമവിരുദ്ധമായി ഒരു വര്‍ഷത്തോളമായി ഭ്രഷ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ സമുദായത്തിന്റെ വിവാഹാചാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ കന്യകാത്വ പരിശോധനയ്‌ക്കെതിരെ ഒരു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രചാരണവും ബോധവല്‍ക്കരണവും നടത്തിയതിനാണിത്. ഈ ആചാരം അവസാനിപ്പിക്കുന്നതിന് സമുദായംഗങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായ ഏകീകരണം ലക്ഷ്യമിട്ടായിരുന്നു ദമ്പതികളുടെ പ്രചാരണം. വിവാഹത്തിന് മുമ്പ് സ്്ത്രീകള്‍ കന്യാകത്വം തെളിയിക്കണമെന്നാണ് ഈ ആചാരം. കന്യകാത്വ പരിശോധനയില്‍ പരാജയപ്പെടുന്ന സ്ത്രീകള്‍ക്ക് സമുദായ കോടതി കനത്ത പിഴയും ചുമത്തും.

തിങ്കളാഴ്ച മുത്തശ്ശി മരണപ്പെട്ടതിനെ തുടര്‍ന്ന് കൂടുംബ വീട്ടിലെത്തിയ തന്നെ തടഞ്ഞതിനെ തുടര്‍ന്ന് വിവേക് ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. മുത്തശ്ശിയുടെ മരണാനന്ത ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സമുദായ നേതാവ് സംഗം ഗാരുജ് തടഞ്ഞെന്നായിരുന്നു സാമൂഹിക ബഹിഷ്‌ക്കരണം തടയല്‍ നയമ പ്രകാരം നല്‍കിയ പരാതി. തുടര്‍ന്ന് നാലു പേര്‍ക്കെതിരെ അംബര്‍നാഥ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ഇതിനു പിന്നാലെ ഇതേസമുദായത്തില്‍പ്പെട്ട ഇരുപതോളം സ്്ത്രീകള്‍ ചേര്‍ന്ന് വിവേകിനെതിരേയും ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. തങ്ങളുടെ സമുദായത്തില്‍ ഇങ്ങനെ ആചാരമില്ലെന്നും വിവേക് തമ്യായ്ചിക്കര്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതി.
 

Latest News