ബംഗാളില്‍ അധിക പ്രചാരണസമയം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെര. കമ്മീഷനെ സമീപിച്ചു

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ അസാധാരണ നീക്കത്തിലൂടെ തെരഞ്ഞെടുപ്പു പ്രചാരണ സമയം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് അധികം സമയം തേടി കോണ്‍ഗ്രസ് ഉള്‍പ്പെടെ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ നടപടി എല്ലാവര്‍ക്കും മതിയായ അവസരം നല്‍കുക എന്ന തത്വത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുരുങ്ങിയത് അര ദിവസമെങ്കിലും അധികം അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഞായറാഴ്ച പോളിങ് നടക്കുന്ന ബംഗാളിലെ ഒമ്പതു മണ്ഡലങ്ങളിലെ പ്രചാരണമാണ് കൊല്‍ക്കത്തയിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ വെട്ടിക്കുറച്ചത്. ചട്ട പ്രകാരം പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് 20 മണിക്കൂര്‍ മുമ്പ് തന്നെ പ്രചാരണം നിര്‍ത്തിവെക്കാനായിരുന്നു കമ്മീഷന്റെ ഉത്തരവ്. 

നോര്‍ത്ത് കൊല്‍ക്കത്ത, കൊല്‍ക്കത്ത സൗത്ത്, ഡം ഡം, ബരാസത്, ബസിര്‍ഹട്ട്, ജാദവ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, ജയ്‌നഗര്‍, മാഥൂര്‍പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് പ്രചാരണം വെട്ടിക്കുറച്ചത്. ഈ മണ്ഡലങ്ങളിലെ ഒന്നര കോടിയോളം വരുന്ന വോട്ടര്‍മാര്‍ മേയ് 19ന് വിധിയെഴുതും. 111 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
 

Latest News